റായ്ച്ചൂർ : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ബിജെപി പ്രചാരണത്തിനിടെ പൊലീസിന്‍റെ ക്രൂരമായ ലാത്തി ചാര്‍ജ്. പ്രമുഖ കന്നഡ സിനിമ താരം കിച്ച സുദീപ്, ഹെലികോപ്‌റ്ററില്‍ റായ്ച്ചൂർ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. താരം ഹെലികോപ്റ്ററില്‍ നിന്നിറങ്ങവെ ബാരിക്കേഡ് തകർത്ത് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അടുത്തേക്ക് ഓടിയെത്തിയതോടെയാണ് പൊലീസ് നടപടി.
ബിജെപി സ്ഥാനാർഥി കെ ശിവൻ ഗൗഡയ്ക്ക് വേണ്ടിയാണ് കലബുറഗിയിൽ നിന്ന് റായ്ച്ചൂർ ജില്ലയിലെ ദേവദുർഗയില്‍ താരം എത്തിയത്. ആള്‍ക്കൂട്ടം ബാരിക്കേഡ് തകർത്തതോടെ പൊലീസ് നിയന്ത്രിക്കാൻ പാടുപെട്ടു. തുടര്‍ന്ന് ക്രൂരമായ ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. ശേഷം, താരം ഇവിടെ റോഡ് ഷോ നടത്തിയിരുന്നു. ഇന്നലെ യാദ്ഗിരി ജില്ലയിൽ എത്തിയ താരം ഷഹാപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അമിൻ റെഡ്ഡി പാട്ടീലിന് വേണ്ടി റോഡ് ഷോ നടത്തിയിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്ക് വേണ്ടി സംസ്ഥാനത്തുടെനീളം പ്രചാരണം നടത്തുമെന്ന് നടൻ കിച്ച സുദീപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്‌ത കന്നഡ നടി ശ്രുതി സംസ്ഥാനത്തുടനീളം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. നടന്മാരായ ദർശൻ, ഭുവൻ പൊന്നണ്ണ, നടി ഹർഷിക പൂനാച്ച എന്നിവർ ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടിയും സാധു കോകില ഉൾപ്പടെ ചില നടന്മാരും നടിമാരും കോൺഗ്രസിന് വേണ്ടിയും പ്രചാരണ രംഗത്ത് സജീവമാണ്.