മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം (Shiv Sena -UBT) നേതാവ് ആദിത്യ താക്കറെക്കെതിരെ (Aaditya Thackeray) പൊലീസ് കേസ്. ഡെലിസ്‌ലെ പാലം അനധികൃതമായി ഉദ്‌ഘാടനം ചെയ്‌തതിനാണ് ആദിത്യ താക്കറെയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത് (Police Case Against Aaditya Thackeray). മുംബൈ മുൻസിപ്പിൽ കോർപ്പറേഷന്‍ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ എൻഎം ജോഷി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
ഐപിസി സെക്ഷൻ 143, 149, 326, 447 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ, സുനിൽ ഷിൻഡെ, സച്ചിൻ അഹിർ, മുൻ മേയർമാരായ കിഷോരി പെഡ്‌നേക്കർ, സ്‌നേഹൽ അംബേക്കർ എന്നിവർ ഉള്‍പ്പടെ 20 ഓളം പ്രവർത്തകർക്കൊപ്പമെത്തി പാലം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. എന്നാൽ, പാലം ഗതാഗതത്തിന് പൂർണമായും സജ്ജമായിട്ടില്ല. പാലം പൊതുജനത്തിന് തുറന്നുകൊടുക്കാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് അനുമതി ലഭിക്കാതെയാണ് ശിവസേന നേതാവ് ഉദ്‌ഘാടനം നടത്തിയത്. ഇതോടെ ബിഎംസി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഉദ്‌ഘാടനം ബിഎംസ് മന്ത്രിമാർക്കായി വൈകിപ്പിക്കുന്നു : ആദ്യത്യ താക്കറെയ്‌ക്കും ഉദ്‌ഘാടനത്തിൽ പങ്കെടുത്ത മറ്റ് പാർട്ടി നേതാക്കൾക്കും എതിരെയും പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അതേസമയം, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് പാലം വേഗത്തിൽ ഉദ്‌ഘാടനം ചെയ്‌തതെന്നാണ് സംഭവത്തിൽ ശിവസേന നേതാവിന്‍റെ വിശദീകരണം. 'ബിഎംസി എത്രയും വേഗം പാലം തുറന്നു നൽകുമെന്ന് കരുതി പൊതുജനം കാത്തിരിക്കുമ്പോൾ മന്ത്രിമാരുടെ സൗകര്യത്തിന് വേണ്ടി മറുവശത്ത് അവർ കാത്തിരിക്കുകയാണ്.
അതിനാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഞങ്ങൾ തന്നെ ഉദ്‌ഘാടനം നടത്തുകായിരുന്നു. എന്നാൽ സർക്കാരിന്‍റെ സമ്മർദത്തിന് വഴങ്ങി ബിഎംസി പാലം വീണ്ടും അടച്ചുപൂട്ടി'യെന്ന് ആദിത്യ താക്കറെ എക്‌സ് പേജിൽ കുറിച്ചു. പടിഞ്ഞാറ് ലോവർ പരേൽ, വർളി, പ്രഭാദേവി, ക്യൂറി റോഡുകൾക്കും കിഴക്ക് ബൈക്കുളയ്‌ക്കും ഇടയിലുള്ള നിർണായക ഗതാഗത മാർഗമാണ് ഡെലിസ്‌ലെ പാലം. എന്നാൽ ഈ റോഡ് സുരക്ഷിതമല്ലെന്ന് ഐഐടി ബോംബെ പ്രഖ്യാപിച്ചതിന് പിന്നാലെ 2018 ജൂലൈ 24 പാലം അടച്ചുപൂട്ടുകയായിരുന്നു.
നവി മുംബൈ മെട്രോ ഉദ്‌ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ കാലതാമസമെടുത്തപ്പോഴും ആദിത്യ താക്കറെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.