ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ രണ്ടുവര്‍ഷത്തിലധികം ജുവനൈല്‍ ഹോമിലും ജയിലിലുമായി കഴിഞ്ഞ ആണ്‍കുട്ടിക്ക് ജാമ്യമനുവദിച്ച് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്‌ക്കപ്പെട്ട ബാലനാണ് സുപ്രീംകോടതി വെള്ളിയാഴ്‌ച ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയായി എന്നും ഇല്ലെന്നുമുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 731 ദിവസമാണ് ആണ്‍കുട്ടി ജയിലഴിക്കുള്ളില്‍ കിടന്നത്.
സംഭവം ഇങ്ങനെ: 16 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഒരുമിച്ചുള്ള തീരുമാനത്തില്‍ ഇരുവരും ഒളിച്ചോടി. മാത്രമല്ല ആണ്‍കുട്ടിയുടെ അമ്മയുടെയും മാതൃസഹോദരന്‍റേയും സാന്നിധ്യത്തിൽ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ആണ്‍കുട്ടിയെ പോക്‌സോ കേസില്‍ അറസ്‌റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുകയായിരുന്നു.
'പ്രായം' തടവിലാക്കി: എന്നാല്‍ കുട്ടിയുടെ പ്രായം പരിഗണിക്കാതെയാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇതിലെ സാധ്യതകള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. ചൈൽഡ് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഇവരുടെ ആവശ്യം പരിഗണിച്ച് കോടതി ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇവിടെയും ഏകദേശം എട്ട് മാസത്തോളം ആൺകുട്ടിയുടെ ചെലവഴിച്ചു. ഇതിനിടെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുഖേനയും ഹൈക്കോടതി മുഖേനയും കുട്ടിയെ മോചിപ്പിക്കാനുള്ള കുടുംബത്തിന്‍റെ ശ്രമവും വിജയം കണ്ടില്ല. ഇതോടെ യുവാവായി പരിഗണിച്ച് 489 ദിവസം സാധാരണ തടവിലും, 242 ദിവസം ജുവനൈല്‍ ഹോമിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടു.
തുടര്‍ന്ന് ഈ വർഷം ഏപ്രിലിൽ ഹര്‍ജിക്കാരന്‍റെ ക്രിമിനൽ റിവിഷൻ ഹർജി തള്ളിയ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് അഭിഭാഷകൻ നമിത് സക്‌സേന മുഖേനയാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണയും സുധാൻഷു ധൂലിയയും അടങ്ങുന്ന ബെഞ്ച് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
വിവാഹമോചനത്തിന് കാത്തിരിക്കേണ്ട: പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസം നിര്‍ബന്ധിത കാത്തിരിപ്പ് കാലാവധി ആവശ്യമില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. പരസ്‌പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകി ആറ് മാസത്തോളം കാത്തിരിക്കേണ്ടിവരുന്ന അസന്തുഷ്‌ടരായ ദമ്പതികൾക്ക് വലിയ ആശ്വാസമായിരുന്നു ഈ കോടതി വിധി. ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവില്‍ ചില നിബന്ധനകൾക്ക് വിധേയമായി ഭരണഘടനയുടെ 143-ാം അനുച്ഛേദ പ്രകാരം പ്രത്യേക അധികാരം നൽകി വിവാഹബന്ധം വേർപെടുത്താമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് 'തുടര്‍ന്നുപോവാനാവാത്ത ദാമ്പത്യ തകർച്ച'യുടെ പേരില്‍ സുപ്രീം കോടതിക്ക് വിവാഹം അസാധുവാക്കാനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം വിവാഹമോചന നടപടികൾ ആരംഭിക്കാൻ ദമ്പതികൾ കുടുംബ കോടതിയെ സമീപിക്കേണ്ടതുണ്ട്.
മാത്രമല്ല ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചന കേസുകളില്‍ നിയമപ്രകാരം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് നിർബന്ധവുമാണ്. അതിനുശേഷം മാത്രമെ വിവാഹം വേർപെടുത്താന്‍ കഴിയുമായിരുന്നുള്ളു. ലോ കമ്മിഷന്‍റെ ആവർത്തിച്ചുള്ള ശുപാർശകളുണ്ടായിരുന്നിട്ടും ഈ ആറ് മാസത്തെ കാത്തിരിപ്പ് കാലയളവിന് മുമ്പ് വിവാഹമോചനം തേടുന്ന ദമ്പതികൾക്ക് നിയമപരമായ സാധ്യതകളില്ലായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.