കൊൽക്കത്ത : പെഗാസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യത്തിൽ സുപ്രീം കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും വിവേചനമുണ്ടാകരുതെന്നും മമത പറഞ്ഞു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രതികരണം.
'ബംഗാളിന് കൂടുതല്‍ വാക്‌സിന്‍ വേണം'
കൊവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രസർക്കാർ അവഗണിച്ചതില്‍ മമത നേരിട്ട് പ്രതിഷേധം അറിയിച്ചെന്നുമാണ് വിവരം. ബംഗാളിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വീണ്ടും അധികാരമേറ്റ ശേഷം ആദ്യമായാണ് ബംഗാള്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുന്നത്.
'പെഗാസസ് അന്വേഷിക്കാന്‍ ബംഗാള്‍'
ഡല്‍ഹിയിലെ സെവന്‍ ലോക് കല്യാണ്‍ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പെഗാസസ് വിഷയത്തില്‍ പശ്ചിമ ബംഗാൾ ഇക്കാര്യം അന്വേഷിക്കാൻ ഒരു കമ്മിഷനെ രൂപീകരിച്ചതായി മമത ബാനർജി നേരത്തേ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ എം.എൽ.എയുമായ അഭിഷേക് ബാനർജി, മമതയുടെ പേഴ്‌സണൽ സെക്രട്ടറി എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു.
ALSO READ: അസം-മിസോറാം ഏറ്റുമുട്ടൽ: സാഹചര്യം വിലയിരുത്താൻ കോൺഗ്രസ്