ന്യൂഡല്‍ഹി : ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളെ പോലെ കേരളത്തിലും ബിജെപി ജയിക്കുമെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ലെന്നും മോദി പറഞ്ഞു.
ന്യൂന പക്ഷങ്ങള്‍ക്കെതിരായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന കേരളത്തിലെ മിഥ്യാധാരണ തകര്‍ക്കും. കേരളത്തില്‍ ബിജെപി അധികാരത്തിലേറുമെന്ന് ആത്മ വിശ്വാസമുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ഥ ബദല്‍ ബിജെപി നല്‍കും. പല രാഷ്‌ട്രീയ പാര്‍ട്ടികളും ബിജെപിയുടെ വിജയ രഹസ്യം അറിയാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് ഗുസ്‌തി ഒരിടത്ത് ദോസ്‌തി എന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ക്രിസ്‌ത്യന്‍ സഹോദരങ്ങള്‍ തങ്ങള്‍ക്കൊപ്പം നിന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം എത്രത്തോളം ശക്തമാണെന്ന് ഇന്ത്യയ്ക്കും ലോകത്തിനും കാണിച്ച് തന്നിരിക്കുകയാണ്. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡല്‍ഹിയും ഇവിടങ്ങളുമായുള്ള അകലം കുറയ്‌ക്കുന്നുവെന്നും മോദി പറഞ്ഞു.
ഭരണ കാര്യങ്ങളില്‍ ബിജെപി തങ്ങളെ അവഗണിക്കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളെ പോലെ തുല്യ പ്രധാന്യം നല്‍കുന്നുണ്ടെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അവരുടെ ഹൃദയത്തില്‍ ബിജെപിയ്‌ക്ക് ഇടം നേടാനായതില്‍ സന്തോഷമുണ്ട്. ത്രിപുരയിലെ ബിജെപിയുടെ വിജയം അവിടുത്തെ പുരോഗതിയ്‌ക്കും സുസ്ഥിരതയ്‌ക്കും വേണ്ടിയുള്ളതാണ്.
സംസ്ഥാനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ത്രിപുരയില്‍ ബിജെപിയെ വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്നും മോദി പറഞ്ഞു. ത്രിപുരയില്‍ ബിജെപിയ്‌ക്ക് വേണ്ടി പ്രയത്നിച്ച പ്രവര്‍ത്തകരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നാഗാലാന്‍ഡില്‍ പാര്‍ട്ടിക്ക് മുന്നേറ്റം സാധ്യമാക്കിയ ജനങ്ങളോടും നന്ദി അറിയിക്കുകയാണ്.
നിങ്ങളെല്ലാവരും സംസ്ഥാനത്തിന്‍റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കുക. സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി വര്‍ത്തിയ്‌ക്കും. മേഘാലയയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. മേഘാലയയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വർധിപ്പിക്കാനും സംസ്ഥാനത്തെ ജനങ്ങളെ ശാക്തീകരിക്കാനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഠിനമായി പരിശ്രമിക്കുമെന്നും മോദി പറഞ്ഞു.
ത്രിപുരയില്‍ ബിജെപി ഏകദേശം 39 ശതമാനം വോട്ട് വിഹിതത്തോടെ 32 സീറ്റുകള്‍ നേടി. 2018ന് മുമ്പ് ത്രിപുരയില്‍ ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. നാഗാലാൻഡിൽ ബിജെപി 12 സീറ്റുകളും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) 25 സീറ്റുകളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ഏഴ് സീറ്റുകളും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അഞ്ച് സീറ്റുകളും നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അഥവാലെ) എന്നിവർ രണ്ട് സീറ്റുകൾ വീതവും നിതീഷ് കുമാറിന്‍റെ ജനതാദള്‍ (യുണൈറ്റഡ്) ഒരു സീറ്റുമാണ് നേടിയത്.
അതേസമയം മേഘാലയയില്‍ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) 26 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) 11 സീറ്റുകളും തൃണമൂൽ കോൺഗ്രസ് അഞ്ച് സീറ്റുകളും ബിജെപി, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവർ രണ്ട് വീതം സീറ്റുകളും കോൺഗ്രസ് അഞ്ച് സീറ്റുകളും വോയ്‌സ് ഓഫ് പീപ്പിൾ പാർട്ടി നാല് സീറ്റുകളുമാണ് നേടിയത്. ഇവിടെ രണ്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.
60 സീറ്റുകളുള്ള നാഗാലാൻഡ് നിയമസഭയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം 31 ആണ്. ഇവിടെ ബിജെപി എന്‍ഡിപിപി സഖ്യം ഭരണം നിലനിര്‍ത്തി. തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റുകള്‍ നേടിയപ്പോള്‍ മുഖ്യകക്ഷിയായ എന്‍ഡിപിപി 25 സീറ്റുകള്‍ പിടിച്ചടക്കി. എന്‍പിഎഫ് രണ്ട് സീറ്റും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) അഞ്ച് സീറ്റും നേടി. അതേസമയം നേരത്തെ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ നാഗാലാന്‍ഡില്‍ ഇത്തവണ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു.