ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകും. നവംബര്‍ 15, 16 തീയതികളിലാണ് ജി 20യുടെ 17-ാമത് ഉച്ചകോടി നടക്കുന്നത്. ഭക്ഷ്യ-ഊര്‍ജ സുരക്ഷ, ഡിജിറ്റല്‍ പരിവര്‍ത്തനം, ആരോഗ്യം തുടങ്ങിയ സെഷനുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
കൂടാതെ ആഗോള സമ്പദ്‌വ്യവസ്ഥ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം തുടങ്ങി സമകാലിക പ്രസക്തിയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ലോക നേതാക്കളുമായി ചര്‍ച്ച നടത്തും. കൊവിഡിന് ശേഷം പ്രതിസന്ധിയിലായ ആഗോള സമ്പദ് വ്യവസ്ഥ, രാജ്യങ്ങളുടെ കടബാധ്യതകള്‍, യുക്രെയ്‌ന്‍ യുദ്ധവും പ്രതിസന്ധിയും, ഭക്ഷ്യ സുരക്ഷ വെല്ലുവിളികള്‍, ഊര്‍ജ പ്രതിസന്ധി, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ഫ് എന്നിവര്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും.
ഡിസംബര്‍ ഒന്നിന് ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കും. ഈ മാസം ആരംഭത്തില്‍ ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ലോഗോയും തീമും പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. ദേശീയ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം താമര ലോഗോയില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ലോകത്ത് പ്രതിസന്ധിയുടെയും അരാജകത്വത്തിന്‍റെയും സമയത്താണ് ഇന്ത്യ ജി 20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതെന്നും ജി 20 ലോഗോയിലെ താമര ഈ പ്രതീക്ഷയെ പ്രതിനിധാനം ചെയ്യുന്നു എന്നുമായിരുന്നു ലോഗോ പ്രകാശന വേളയിൽ പ്രധാനമന്ത്രി പറഞ്ഞത്.
നവംബർ 15 ന് നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിസപ്ഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലിയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന് ശേഷം 16 നാണ് പ്രധാനമന്ത്രി ബാലിയില്‍ നിന്ന് മടങ്ങുക.