ന്യൂഡല്‍ഹി: പ്രതിപക്ഷം ലോക്‌സഭയില്‍ അവതരിപ്പിച്ച മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തില്‍ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത മാതാവുമായി മണിപ്പൂര്‍ വിഷയത്തെ ബന്ധപ്പെടുത്തി പ്രതിപക്ഷം വിമര്‍ശിച്ചത് അവരുടെ പ്രകടനത്തിലെ നിരാശകൊണ്ട്. ഈ പരാമര്‍ശം വേദനാജനകമാണെന്നും മാപ്പ് അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിലെ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. രാജ്യത്തിന്‍റെ നിലപാട് മണിപ്പൂരിന് ഒപ്പം നില്‍ക്കുക എന്നതാണ്. മണിപ്പൂരിലെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം രാജ്യമുണ്ട്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
'അവര്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് വിലപിക്കുന്നു': മണിപ്പൂരിനെക്കുറിച്ച് എന്തൊക്കെ കള്ളങ്ങളാണ് പ്രചരിപ്പിച്ചത്. മണിപ്പൂരില്‍ ഒരു കോടതി വിധി ഉണ്ടായിരുന്നു. അതിനുശേഷം വന്‍തോതില്‍ അക്രമം ഉണ്ടായി. നമ്മള്‍ ഒറ്റക്കെട്ടായി അതിനെ അപലപിക്കുന്നു. അക്രമങ്ങള്‍ക്ക് മാപ്പ് നല്‍കില്ല. മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരികയും ആ നാടിനെ വികസനത്തിന്‍റെ പാതയില്‍ തിരികെയെത്തിക്കുകയും ചെയ്യും.
ഭാരതാംബയെ ഇന്നലെ സഭയില്‍ ചിലര്‍ അപമാനിക്കുകയുണ്ടായി. അവര്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് വിലപിക്കുന്നു. ഓഗസ്റ്റ് 14 അവര്‍ മറന്നുപോയോ. രാജ്യം രണ്ടായാണ് അന്ന് വിഭജിക്കപ്പെട്ടത്. ആരാണ് അന്ന് അത് ചെയ്‌തത്. അവര്‍ വന്ദേ മാതരത്തെ ചോദ്യം ചെയ്‌തവരാണ്. അവര്‍ രാജ്യത്തെ വെട്ടി മുറിക്കാന്‍ പുറപ്പെട്ടവരോടൊപ്പം കൂടിയവരാണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞു.
'കച്ചിത്തീവിനെ ശ്രീലങ്കയ്ക്ക് കൊടുത്തത് ആര്..?': കച്ചിത്തീവിനെക്കുറിച്ച് ഇവര്‍ക്ക് അറിയുമോ. ഡിഎംകെ തനിക്ക് കത്തെഴുതുന്നു. മോദിജി കച്ചിത്തീവ് ശ്രീലങ്കയില്‍ നിന്ന് വീണ്ടെടുക്കണമെന്ന്. ഈ ഭൂഭാഗം ശ്രീലങ്കയ്ക്ക് കൊടുത്തത് ആരാണ്. അത് ഇന്ദിര ഗാന്ധിയാണ്. 1966 മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കെതിരെ വ്യോമസേനയെ ഉപയോഗിച്ച ആക്രമണം നടത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.
എന്തിനായിരുന്നു അവിടെ നിഷ്‌ക്കളങ്കരായ ജനങ്ങളെ കൊലപ്പെടുത്തിയത്. ഇന്നും മിസോറാം ആ കറുത്ത ദിനം ഓര്‍ക്കുന്നു. കോണ്‍ഗ്രസ് ഇക്കാര്യം ഇക്കാലമത്രയും മൂടിവയ്‌ക്കുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കോണ്‍ഗ്രസാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.
അവിശ്വാസം തള്ളിയെങ്കിലും മോദിയെക്കൊണ്ട് സംസാരിപ്പിച്ച് പ്രതിപക്ഷം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭയിൽ ശബ്‌ദവോട്ടോടെയാണ് തള്ളിയത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' പ്രതിനിധികള്‍ ഇറങ്ങിപ്പോയ സമയത്താണ് പ്രമേയം വോട്ടിനിട്ടത്. എന്നാൽ, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ പാർലമെന്‍റിൽ സംസാരിപ്പിക്കുക എന്നതില്‍ പ്രതിപക്ഷം വിജയിച്ചു. മുന്‍പ് മണിപ്പൂർ കലാപത്തില്‍ 36 സെക്കന്‍ഡ് മാത്രം സംസാരിച്ച മോദി വിഷയത്തില്‍ മൗനം വെടിഞ്ഞു. ഒരുപാട് നാളുകളുടെ പരിശ്രമത്തിന് ശേഷമാണ് പ്രധാനമന്ത്രിയെ പാർലമെന്‍റില്‍ എത്തിക്കാനായതെന്നും പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.