കെയ്‌റോ : ഈജിപ്‌റ്റ് ഗ്രാൻഡ് മുഫ്‌തി ഷാക്കി ഇബ്രാഹിം അബ്‌ദുൽ കരീം അല്ലാമുവുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിന്‍റെ ഭാഗമായാണ് മോദി ഈജിപ്റ്റിലെത്തിയത്. സാമൂഹിക സൗഹാർദം പ്രോത്സാഹിപ്പിക്കുക, തീവ്രവാദത്തെ ചെറുക്കുക എന്നീ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.
ഇസ്‌ലാമിക നിയമ ഗവേഷണത്തിന്‍റെ ഈജിപ്ഷ്യൻ ഉപദേശക സമിതിയായ ദാർ അൽ ഇഫ്‌തയിൽ, ഇന്ത്യ ഒരു ഐടി സെന്‍റര്‍ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഗ്രാൻഡ് മുഫ്‌തിയെ അറിയിച്ചു. ഈജിപ്‌റ്റിലെ സാമൂഹിക മന്ത്രാലയത്തിന് കീഴിലാണ് ദാർ അൽ ഇഫ്‌ത പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയും ഈജിപ്‌റ്റും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക, ബന്ധത്തെക്കുറിച്ചും പുറമെ സാമൂഹികവും മതപരവുമായ സൗഹാർദവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
തീവ്രവാദത്തെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. സമഗ്രതയും ബഹുസ്വരതയും വളർത്തിയെടുക്കുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ ഗ്രാൻഡ് മുഫ്‌തി അഭിനന്ദിച്ചതായും അരിന്ദം ബാഗ്‌ചി പറഞ്ഞു. 'പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വളരെ മനോഹരവും രസകരവുമായ കൂടിക്കാഴ്‌ചയായിരുന്നു അത്. വാസ്‌തവത്തിൽ, ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന് അദ്ദേഹം നല്‍കുന്ന ജ്ഞാനപൂർണമായ നേതൃത്വം, പ്രതിഫലിച്ചുകാണാന്‍ കഴിഞ്ഞു' - ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.
'ഞങ്ങളും ഇന്ത്യയും തമ്മില്‍ ശക്തമായ സഹകരണം' : നേരത്തെ, ഡൽഹിയിൽ നടന്ന സൂഫി സമ്മേളനത്തിനിടെ നരേന്ദ്ര മോദിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വട്ടം ഇന്ത്യയില്‍ വന്നപ്പോഴും അവിടെ വലിയ വികസനം നടക്കുന്നുണ്ടെന്നത് താൻ ശ്രദ്ധിച്ചു. അദ്ദേഹം ഇന്ത്യയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതിന്‍റെ തെളിവുകൂടിയാണിത്. ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരാന്‍ പ്രധാനമന്ത്രി മോദി സ്വീകരിക്കുന്ന ബുദ്ധിപരമായ നയങ്ങളെക്കൂടിയാണ് പ്രതിഫലിച്ചുകണ്ടത്. മതപരമായ കാര്യങ്ങളില്‍ പോലും തങ്ങളും ഇന്ത്യയും തമ്മില്‍ ശക്തമായ സഹകരണം ആണുള്ളത്. ഈ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ആഴത്തിലുള്ളതാക്കാനും തങ്ങൾ അതിയായി ആഗ്രഹിക്കുന്നുവെന്നും ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.
ദാർ ഉൽ ഇഫ്‌തയില്‍, ഇൻഫർമേഷൻ ടെക്‌നോളജി സെന്‍റര്‍ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നതിനെക്കുറിച്ച് ഇന്ത്യ വാഗ്‌ദാനം നല്‍കിയതായും ഗ്രാൻഡ് മുഫ്‌തി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്‍റെ ക്ഷണപ്രകാരം ഗ്രാൻഡ് മുഫ്‌തി കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ ലോകത്ത് സഹകരണത്തിന്‍റേയും അടുപ്പത്തിന്‍റേയും ആവശ്യകത പ്രധാനമാണെന്ന തരത്തില്‍ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സംസാരിച്ചിരുന്നു. ഇതേക്കുറിച്ചും ഗ്രാൻഡ് മുഫ്‌തി തന്‍റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇത്തരം അഭിപ്രായപ്രകടനങ്ങളെ പലരും സ്വാഗതം ചെയ്‌തിട്ടുണ്ടെങ്കിലും, പരസ്‌പര വിശ്വാസത്തിന്‍റേയും ബഹുമാനത്തിന്‍റേയും സുസ്ഥിരമായ ബന്ധമാക്കി മാറ്റുന്നതിന് പ്രായോഗിക നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്‌ച ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങള്‍ക്കായി താൻ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം ഇതാണെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചിരുന്നു.