ശ്രീനഗർ: ജമ്മു കശ്‌മീരിലെ ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ക്ഷേമപദ്ധതികളുടെ ഗുണം രാജ്യത്തെ ഒരോ പൗരന്മാർക്കും ലഭിക്കും. ജനാധിപത്യം പിന്തുണച്ച കശ്‌മീർ ജനതക്ക് അഭിനന്ദനങ്ങൾ. വികസനത്തിനാണ് ജനങ്ങൾ വോട്ട് നൽകിയത്. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം തിളക്കമാർന്ന ഭാവിയെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ആരോഗ്യ പദ്ധതിയിലൂടെ 21 ലക്ഷം കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെയുള്ള ചികിത്സ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‌മീർ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് പുതിയ അധ്യായം ആണ്. എല്ലാ വോട്ടർമാരുടെയും മുഖത്ത് ജമ്മു കശ്‌മീർ വികസനത്തിനായുള്ള പ്രതീക്ഷ കണ്ടു. സ്വച്ഛ് ഭാരത് അഭിയാൻ്റെ കീഴിൽ ജമ്മു കശ്‌മീരിൽ 10 ലക്ഷത്തിലധികം ടോയ്‌ലറ്റുകൾ നിർമ്മിച്ചു. ഇതിൻ്റെ ഉദ്ദേശം കേവലം ശൗചാലയങ്ങൾ നിർമ്മിക്കുക മാത്രമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. ചിലർ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു. എന്നാൽ ചിലർ ഇത് തടയുന്നു. പുതുച്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ അവിടുത്തെ സർക്കാർ തയ്യാറാകുന്നില്ല. ജനാധിപത്യത്തെക്കുറിച്ച് എന്നെ പാഠം പഠിപ്പിക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിൻ്റെ വികസനമാണ് തൻ്റെ സർക്കാരിൻ്റെ ലക്ഷ്യം. ജമ്മു കശ്‌മീരിൻ്റെ ആരോഗ്യ, അടിസ്ഥാന വികസന രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അതിർത്തിയിലെ പ്രകോപനം ആശങ്കാജനകമാണ്. സാംബ, പൂഞ്ച്, കതുവ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ബങ്കറുകളുടെ നിർമ്മാണം അതിവേഗത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.