പ്രയാഗ്‌രാജ് : സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് 1,000 കോടി രൂപ സ്വയം സഹായ സംഘങ്ങളുടെ (SHGs) ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി കേന്ദ്രസര്‍ക്കാര്‍. 'ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ' (DAY-NRLM) പ്രകാരമാണ് പണം നിക്ഷേപിച്ചത്. 16 ലക്ഷത്തോളം വരുന്ന സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കമ്യൂണിറ്റി ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (CIF) എന്ന നിലയിൽ ഒരു എസ്എച്ച്ജിക്ക് 1.10 ലക്ഷം രൂപ വീതം 80,000ത്തോളം സ്വയം സഹായ സംഘങ്ങൾക്ക് പണം ലഭിക്കും. കൂടാതെ ഒരു എസ്എച്ച്ജിക്ക് 15,000 രൂപ വീതം 60,000 സ്വയം സഹായ സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ടും പദ്ധതിയിലൂടെ ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ALSO READ: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ ലോക്‌സഭയിൽ
ഇതിന് പുറമേ പെൺകുട്ടികൾക്ക് സഹായം നൽകുന്ന യുപിയിലെ 'മുഖ്യമന്ത്രി കന്യ സുമംഗല പദ്ധതി'യുടെ കീഴിൽ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് അദ്ദേഹം പണം കൈമാറി. 202 സപ്ലിമെന്‍ററി ന്യൂട്രീഷൻ നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഒരു യൂണിറ്റ് ഏകദേശം ഒരു കോടി രൂപ ചെലവിൽ നിർമിക്കും. ഈ യൂണിറ്റുകൾ സംയോജിത ശിശു വികസന പദ്ധതി (ICDS) പ്രകാരം സംസ്ഥാനത്തെ 600 ബ്ലോക്കുകളിൽ സപ്ലിമെന്‍ററി പോഷകാഹാരം വിതരണം ചെയ്യും.
ചൊവ്വാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ എത്തിയ പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.