ന്യൂഡല്‍ഹി: വാക്‌സിനേഷനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് വയസിനടുത്ത് പ്രായമുള്ള തന്‍റെ അമ്മ ഹീരാബെന്‍ പോലും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ശാസ്‌ത്രത്തെ വിശ്വസിക്കണമെന്നും ആരും വാക്‌സിന്‍ എടുക്കാന്‍ മടിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ജനങ്ങളെ അബിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ ആഹ്വാനം.
"ഞാന്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. എന്‍റെ അമ്മക്ക് നൂറ് വയസിന് അടുത്ത് പ്രായമുണ്ട്. അമ്മ രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്," മോദി പറഞ്ഞു. വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് ചെറിയ പനിയും മറ്റും അനുഭവപ്പെടാറുണ്ട്. എന്നാല്‍ അത് കുറച്ച് നേരത്തേക്ക് മാത്രമാണെന്നും വാക്‌സിന്‍ എടുക്കാതിരിക്കുന്നതാണ് അപകടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ ഒരിക്കലും വിശ്വസിക്കരുതെന്നും ഉത്സവങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Also read: India Covid -19: രാജ്യത്ത് 39,742 പേര്‍ക്ക് കൂടി കൊവിഡ്; 535 മരണം