ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം തനിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi's appeal to opposition ahead of parliament session). തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിരാശരാകേണ്ടതില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഉപദേശിച്ചു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്‍റെ പതാക ഉയരത്തില്‍ പറത്താന്‍ മുഴുവന്‍ എംപിമാരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. അവര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയാറാവണം. വെറുപ്പും വൈരാഗ്യവും വെടിഞ്ഞ് നല്ല മനസ്സോടെ സഹകരിക്കാന്‍ പ്രതിപക്ഷത്തിനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരായാണ് ജനങ്ങള്‍ വിധിയെഴുതിയത്. നിരാശയുണ്ടാവുക സ്വാഭാവികമാണ്. ആരോടെങ്കിലും പകതീര്‍ക്കാന്‍ നില്‍ക്കാതെ പ്രതിപക്ഷാംഗങ്ങള്‍ നല്ലമനസ്സോടെ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.
പാർലമെന്‍റ് ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ 22 വരെ (Parliament Winter Session): ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം ഡിസംബര്‍ 22 വരെ നീണ്ടു നില്‍ക്കും. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കിയിരുന്നു. ചോദ്യത്തിന് പണം വാങ്ങിയ കേസില്‍ മഹുവാ മൊയ്ത്രക്കെതിരെ ലോകസഭ എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഈ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം നിയന്ത്രിക്കുന്നതടക്കം 21 ബില്ലുകള്‍ പരിഗണനക്ക് വരും.
18 സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും: പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ പരിഷ്‌കരിച്ച ക്രിമിനൽ നിയമങ്ങൾ ഉൾപ്പെടെ സുപ്രധാനമായ 18 ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കും. അവതരിപ്പിക്കേണ്ട 18 ബില്ലുകളും ലോക്‌സഭ സെക്രട്ടേറിയറ്റ് പട്ടികപ്പെടുത്തി.
ഇന്ത്യൻ ശിക്ഷനിയമം (ഐപിസി), ക്രിമിനൽ നടപടി ക്രമം (സിആർപിസി), തെളിവ് നിയമം എന്നിവയുടെ പേര് ഉൾപ്പെടെ അടിമുടി പൊളിച്ചെഴുതുന്ന ബില്ലാണ് ഇതിൽ പ്രധാനം. 1860-ലെ ഇന്ത്യൻ പീനൽ കോഡിന്‍റെ (IPC) പുതിയ പേര് ഭാരതീയ ന്യായ സംഹിത എന്നാകും. 1973-ലെ ക്രിമിനൽ നടപടി ചട്ടത്തിന്‍റെ പേര് (CrPC) ഭാരതീയ നാഗരിക് സുരക്ഷ സംഹിത എന്നും 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിന്‍റെ പേര് ഭാരതീയ സാക്ഷ്യ ബിൽ എന്നുമാകും. ഓഗസ്റ്റ് 11ന് ഈ ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.
ബോയിലേഴ്‌സ് ബിൽ, ദി പ്രൊവിഷണൽ കലക്ഷൻ ഓഫ് ടാക്‌സ് ബിൽ, കേന്ദ്ര ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബിൽ, ജമ്മു കശ്‌മീർ പുനഃസംഘടന (ഭേദഗതി) ബിൽ, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഗവൺമെന്‍റ് (ഭേദഗതി) ബിൽ, നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി നിയമങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) രണ്ടാം ഭേദഗതി ബിൽ, കേന്ദ്ര സർവകലാശാല (ഭേദഗതി) ബിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബില്ലും പട്ടികപ്പെടുത്തിയ 18 ബില്ലുകളിൽ ഉൾപ്പെടുന്നു.