ന്യൂഡൽഹി: പൗരന്മാര്‍ക്ക് കാലതാമസമില്ലാതെ നീതി ലഭിക്കേണ്ടതിന്‍റെ ആവശ്യതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യജീവിത വിഷയങ്ങളിലും അതുപോലെ വ്യവസായം ചെയ്യാനും ദ്രുതഗതിയില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. പുതുതായി രൂപീകരിച്ച അഖിലേന്ത്യ ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ ഉദ്‌ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75ാം വാര്‍ഷികാഘോഷമാണ് നടക്കുന്നത്. വരുന്ന 25 വർഷത്തിനുള്ളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സമയമാണിത്. വ്യവസായം ചെയ്യാനും സുഗമമായി ജീവിക്കാനും നീതി എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പ്രക്രിയ രാജ്യത്തുണ്ടാവണം. ഏത് സമൂഹത്തിനും നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെടാനാവണം.
ഇത്തരത്തില്‍ നീതിന്യായ വ്യവസ്ഥയുമായി എളുപ്പത്തില്‍ എത്തിപ്പെടുന്നതുപോലെ പ്രധാനമാണ് നീതി വിതരണവും. നീതിന്യായ സംവിധാനങ്ങള്‍ക്കും ഇതിൽ പ്രധാന പങ്കുവഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്‌ച രാവിലെയാണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. ചീഫ് ജസ്റ്റിസ് എൻ.വി രമണയും പരിപാടിയില്‍ പങ്കെടുത്തു.