ന്യൂഡൽഹി: യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനായി 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രഭാഷണത്തിലാണ് 'പ്രധാനമന്ത്രി ഗതിശക്തി പദ്ധതി' പ്രഖ്യാപിച്ചത്.
കൂടാതെ സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവരുടെയും പരിശ്രമം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സബ്‌കാ സാഥ്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്' എന്നിവയോടൊപ്പം 'സബ്‌കാ പ്രയാസ്' എന്നതും ആത്മനിർഭർ ഭാരത് എന്ന നമ്മുടെ ലക്ഷ്യം നിറവേറ്റാനുള്ള ഘടകമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.
ALSO READ: ആത്മനിർഭർ ഭാരത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ: പ്രധാനമന്ത്രി
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4.5 കോടിയിലധികം കുടുംബങ്ങൾക്ക് ജൽ ജീവൻ മിഷന്‍റെ കീഴിൽ കുടിവെള്ളം ലഭ്യമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ 2024ഓടെ എല്ലാ ഗ്രാമങ്ങളിലേക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2019ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചത്.
അതേസമയം ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധാനം ചെയ്‌ത ഒളിമ്പ്യന്മാരെയും അദ്ദേഹം അഭിസംബോധന ചെയ്‌തു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ഒളിമ്പ്യന്മാരെ നേരിട്ടാണ് അദ്ദേഹം അഭിവാദ്യം അറിയിച്ചത്.