ന്യൂഡല്‍ഹി: കൊവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന പിഎം കെയേഴ്‌സ് ഫോർ ചില്‍ഡ്രന്‍ പദ്ധതിക്ക് 4,302 പേര്‍ അർഹരെന്ന് വനിത ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കീഴില്‍ 8,973 അപേക്ഷകള്‍ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
6 വയസുവരെയുള്ള 212 കുട്ടികളും 6-14 വയസുവരെയുള്ള 1,670 കുട്ടികളും 14 നും 18 നും ഇടയിൽ പ്രായമുള്ള 2,001 കുട്ടികളും പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. 18നും 23നും ഇടയിൽ പ്രായമുള്ള 418 യുവജനങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
പരിചരണം ആവശ്യമുള്ളവരും നിര്‍ധനരുമായ കുട്ടികൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നൽകുന്നതിനായി വനിത ശിശുവികസന മന്ത്രാലയം, ശിശു സംരക്ഷണ സേവനക്ക് (സിപിഎസ്) കീഴില്‍ മിഷൻ വാത്സല്യ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
സിപിഎസ് പദ്ധതിക്ക് കീഴില്‍ സ്ഥാപിതമായ ശിശു സംരക്ഷണ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസം, തൊഴിലധിഷ്‌ഠിത പരിശീലനം, വിനോദം, ആരോഗ്യം, കൗൺസിലിങ് തുടങ്ങിയ സേവനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും സ്‌മൃതി ഇറാനി രാജ്യസഭയില്‍ അറിയിച്ചു.