ലക്‌നൗ: രാജ്യത്തെ പല സംസ്ഥാനങ്ങളിലും വായു മലിനീകരണം അനിയന്ത്രിതമായി വർധിക്കുകയാണ്. ഇതിനിടെ വായു ശുദ്ധീകരിക്കാൻ കഴിവുള്ള റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാൺപൂർ സ്വദേശിയായ പ്രഞ്ജൽ.
പ്ലസ്‌വൺ വിദ്യാർഥിയായ പ്രഞ്ജലും കൂട്ടുകാരനായ ആരേന്ദ്രയും ചേർന്നാണ് റോബോട്ട് നിർമിച്ചത്. റോബോട്ടിനകത്ത് എയർ പ്യൂരിഫയർ ഘടിപ്പിച്ചിട്ടുണ്ട്. ഇത് മലിനമായ വായു ഉള്ളിലേക്കെടുത്ത് ശുദ്ധവായു പുറത്തുവിടാൻ സഹായിക്കുന്നു. വായു മലിനീകരണം വർധിക്കുന്നത് വലിയൊരു പ്രതിന്ധിയാണ്. അതുകൊണ്ട് വായു ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒരു റോബോട്ട് നിർമിക്കുകയും അതിനുള്ളിൽ പ്യൂരിഫയർ ഘടിപ്പിക്കുകയും ചെയ്‌തതായി പ്രഞ്ജൽ പറഞ്ഞു. ഇതോടെ പ്രഞ്ജൽ സ്‌കൂളിലെയും നാട്ടിലെയും താരമായി മാറി.
പ്രഞ്ജൽ ഭാവിയിലെ വലിയ ശാസ്ത്രജ്ഞനാണ്. വളരെയധികം സന്തോഷവും അഭിമാനമുണ്ട്. അന്തരീക്ഷ മലിനീകരണം ഒരു പ്രധാന ആശങ്കയാണ്, അതിനാൽ ഈ കണ്ടുപിടിത്തം ഭാവിയിൽ വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണെന്നും സ്‌കൂൾ പ്രിൻസിപ്പാൾ പൂജ ആവസ്‌തി പറഞ്ഞു.