മുംബൈ: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന ചാർട്ടേഡ് വിമാനം ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു (Plane Detained by French Authorities Carrying 303 Indian Passengers Diverted to India). മുന്നൂറോളം ഇന്ത്യക്കാരുമായി ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഫ്രാൻസിൽ തടഞ്ഞിട്ടശേഷം ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്. വിമാനം ചൊവ്വാഴ്‌ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്‍റെ (Legend Airlines) ഉടമസ്ഥതയിലുള്ള എയർബസ് എ 340 വിമാനമാണ് മൂന്ന് ദിവസത്തോളം പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിൽ തടഞ്ഞിട്ടത്. മനുഷ്യക്കടത്താണെന്ന സംശയത്തെത്തുടർന്നാണ് ഇന്ധനം നിറയ്ക്കാൻ വേണ്ടി നിലത്തിറക്കിയ വിമാനം ഫ്രാൻസ് പിടിച്ചുവച്ചത്. തുടർന്ന് യാത്രക്കാർക്കെതിരെ നിയമനടപടികൾക്കുള്ള നീക്കവും ഫ്രഞ്ച് അധികൃതർ ആരംഭിച്ചിരുന്നു.
എന്നാൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതോടെ യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനം യാത്ര പുനരാരംഭിക്കാൻ അനുമതി ലഭിച്ചതോടെ യാത്രക്കാരായ 300 പേരുടെ വിസ്‌താരം ഫ്രാൻസിലെ ജഡ്‌ജിമാർ റദ്ദാക്കിയിരുന്നു. മനുഷ്യക്കടത്താണെന്ന സംശയത്തിൽ നാലോളം ജഡ്‌ജിമാരുടെ നേതൃത്വത്തിൽ യാത്രക്കാരെ വിസ്‌തരിക്കാൻ ആരംഭിച്ചിരുന്നു. മനുഷ്യക്കടത്ത് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് ഹിയറിംഗുകൾ നടത്തിയത്.
Also Read: മനുഷ്യക്കടത്തിന്‍റെ കാണാപ്പുറം; ഫ്രാൻസിലെ ഗ്രൗണ്ടഡ് ഫ്ലൈറ്റിലുള്ളത് 303 ഇന്ത്യന്‍ വംശജര്‍
ഫ്രഞ്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട് പ്രകാരം യാത്രക്കാരിൽ ചിലർ ഹിന്ദിയും മറ്റു ചിലർ തമിഴുമാണ് സംസാരിച്ചത്. അമേരിക്കൻ ഐക്യനാടുകളിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കാനുള്ള പദ്ധതിയുടെ ഭാഗമാകാം നിക്കരാഗ്വയിലേക്കുള്ള യാത്ര എന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം സംഘടിത മനുഷ്യക്കടത്തിന്‍റെ ഇരകളാണ് യാത്രക്കാരെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.