ന്യൂഡൽഹി: പ്രമുഖ സമൂഹ മാധ്യമമായ വാട്സാപ്പിന്‍റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിന്‍റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സാപ്പിന്‍റെയും ഫേസ്ബുക്കിന്‍റെയും പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് കമ്പനികൾക്കും നോട്ടീസ് നൽകി.വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുന്നുവെന്ന് വാട്സ്ആപ്പ് ബെഞ്ചിന് നൽകിയ മറുപടിയിൽ പറയുന്നു.
മെയ് 15 മുതൽ വാട്ട്‌സ്ആപ്പിന്‍റെ പുതിയ നയം പ്രാബല്യത്തിൽ വരുന്നതിനാൽ ഇടക്കാല ഉത്തരവുകൾ ആവശ്യപ്പെട്ട് ഹർഷ ഗുപ്തയാണ് കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വാദം മെയ് 13 ന് കോടതി കേൾക്കും.
ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് വാട്സ്ആപ്പിന്‍റെ പുതിയ നയം എന്ന ശക്തമായ വിമർശനം ഉയർന്നു വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്നും ബിസിനസ് അക്കൗണ്ടുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്ന വിശദീകരണവുമായി വാട്സ്ആപ്പ് കമ്പനി രംഗത്തെത്തിയിരുന്നു.