ജബല്‍പൂര്‍ : വാഹനത്തില്‍ പെട്രോള്‍ നിറച്ചതില്‍ അപാകത ആരോപിച്ച് പമ്പ് അധികൃതര്‍ക്കെതിരെ പരാതിയുമായി ഹൈക്കോടതി ജഡ്‌ജി. മധ്യപ്രദേശ് ജബല്‍പൂരിലെ എസ്‌ബിഐ ബാങ്ക് ശാഖയ്‌ക്ക് സമീപത്തായി ബ്രിഡ്‌ജ് നമ്പര്‍-2ല്‍ സ്ഥിതി ചെയ്യുന്ന സിറ്റി ഫ്യുവല്‍സ് എന്ന പമ്പിനെതിരെയാണ് പരാതി. ജഡ്‌ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പെട്രോള്‍ പമ്പ് സീല്‍ ചെയ്‌തു. കൊവിഡ് കാലത്ത് പിടികൂടിയ വ്യാജ റെംഡെസിവിർ കേസിലെ മുഖ്യപ്രതി സരബ്‌ജിത് സിങ് മോഖയുടെ ഉടമസ്ഥതയിലുള്ള പമ്പിനെതിരെയാണ് നടപടി.
ഫെബ്രുവരി ഒന്‍പതിനാണ് കേസിനാസ്‌പദമായ സംഭവം. ജഡ്‌ജിയുടെ കാറിന്‍റെ ഫ്യുവല്‍ ടാങ്കിന് 50 ലിറ്റര്‍ ശേഷിയാണ് ഉണ്ടായിരുന്നത്. ഇന്ധനം നിറയ്‌ക്കാന്‍ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ പമ്പ് ജീവനക്കാരോട് കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ കാറില്‍ പെട്രോള്‍ നിറച്ചു.
തുടര്‍ന്ന് 50 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ നിറച്ചുവെന്ന ബില്ലാണ് ജീവനക്കാര്‍ ജഡ്‌ജിക്ക് കൈമാറിയത്. ഇതിന് പിന്നാലെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സംഭവത്തിന് പിന്നാലെ തന്നെ ഹൈക്കോടതി ജഡ്‌ജി വിവരം പ്രാദേശിക ഭരണകൂടത്തെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് വില്‍പ്പന നിരോധിച്ച് പമ്പ് സീല്‍ ചെയ്‌തത്. പമ്പില്‍ വില്‍പ്പന പുനരാരംഭിക്കുന്നതിന് മുന്‍പ് മെഷീനുകള്‍ പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ജഡ്‌ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ മുഴുവന്‍ പമ്പുകളിലും പരിശോധന നടത്താന്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ നിര്‍ദേശം നല്‍കി.