ചെന്നൈ: പെട്രോളിന്‍റെ നികുതി കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ച് ഡിഎംകെ സർക്കാർ. നികുതി ഇനത്തിൽ മൂന്ന് രൂപയാണ് തമിഴ്‌നാട് സർക്കാർ കുറയ്‌ക്കുക. ഡിഎംകെ അധികാരമേറ്റ് ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി പി.ടി.ആർ.പളനിവേൽ ത്യാഗരാജനാണ് നികുതി ഒഴിവാക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചത്.
Also Read: പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം (scrappage policy) പ്രഖ്യാപിച്ച് പ്രധാന മന്ത്രി
നികുതി കുറയ്‌ക്കുന്നതിലൂടെ 1160 കോടിയുടെ നികുതി നഷ്ടമാണ് തമിഴ്‌നാട് സർക്കാരിന് ഉണ്ടാവുക. സംസ്ഥാനത്ത് 2.63 കോടി ഇരുചക്രവാഹനങ്ങളാണുള്ളത്. തൊഴിലാളിവർഗം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെയാണ്. പെട്രോൾ വില വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നതും തൊഴിലാളികളെ ആണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ധവളപത്രം ഇറക്കിയിരുന്നു. അതേ സമയം ബജറ്റ് അവതരണത്തിന് മുമ്പ് സംസാരിക്കാൻ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് എഐഎഡിഎംകെ ബജറ്റ് അവതരണം ബഹിഷ്കരിച്ചിരുന്നു. തമിഴ്‌നാടിന്‍റെ ചരിത്രത്തിലെ ആദ്യത്തെ പേപ്പർ രഹിത ബജറ്റാണ് വെള്ളിയാഴ്‌ച പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ചത്.