ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്‌ച കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു.
ഇന്നത്തെ വിലവര്‍ധനയോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 113.46 രൂപയും ഡീസലിന് 100.4 രൂപയുമായി. തിരുവന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115.46 രൂപയും ഡീസലിന് 102.16 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 113.63 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 100.58 രൂപയായി.
രാജ്യതലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 103.81 രൂപയും ഡീസലിന് 95.07 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ധനവില വര്‍ധനവ്, 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതലാണ് പുനഃരാരംഭിച്ചത്. ഇതുവരെ 12 തവണയാണ് വിലവര്‍ധനവുണ്ടായത്.
ഇന്ധനവില വര്‍ധനവിന് പിന്നാലെ രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്ത് ചെറിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കരോ എണ്ണക്കമ്പനികളോ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Also read: ട്രെയിനിൽ യുവതിയെ ചുംബിച്ച കേസ് ; ഏഴ് വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി