മോത്തിഹാരി (ബിഹാർ): ബിഹാറിലെ മോത്തിഹാരിയിൽ വ്യാജമദ്യ ദുരന്തരത്തിൽ 22 മരണം. വ്യാഴാഴ്‌ചയാണ് ഹർസിദ്ധി പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യ ദുരന്തം ഉണ്ടായത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അതിനാൽ തന്നെ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം മരണകാരണം വ്യാജമദ്യം തന്നെയാണെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം വ്യാജമദ്യം തന്നെയാണ് മരണങ്ങൾക്ക് കാരണമെന്നും പൊലീസ് നടപടി ഭയന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിടുക്കത്തിൽ ദഹിപ്പിച്ചതായും നാട്ടുകാരും ആരോപിക്കുന്നു. മരിച്ച 22 പേരിൽ 11 പേർ തുർകൗലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്‌മിപൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ഹർസിദ്ധി സ്വദേശികളും മൂന്ന് പേര്‍ പഹാർപൂരിൽ നിന്നുള്ളവരും അഞ്ച് പേർ സുഗൗളിയിൽ നിന്നുള്ളവരുമാണ്.
വ്യാഴാഴ്‌ച മുതൽ നിരവധി പേർ ഭക്ഷ്യവിഷബാധയും വയറിളക്കവും ബാധിച്ച് ചികിത്സ തേടി ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പാത്തോളജിസ്റ്റുകൾ അന്വേഷണ റിപ്പോർട്ട് നൽകിയ ശേഷമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂവെന്നും ഡോക്‌ടർമാർ പറഞ്ഞു.
ഹർസിദ്ധി പൊലീസ് സ്റ്റേഷൻ പരിധിയിലെ മഠ് ലോഹിയാറിൽ വ്യാഴാഴ്‌ചയാണ് ദുരന്തം ഉണ്ടാകുന്നത്. പ്രദേശത്തെ നവൽ ദാസും മകൻ പരമേന്ദ്ര ദാസുമാണ് ആദ്യം മരിച്ചത്. പിന്നാലെ നവലിന്‍റെ മരുമകളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ മദ്യം കഴിച്ചെന്ന് സംശയിക്കുന്ന നിരവധി പേർ ഗുരുതരാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നു.
സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. 'ഇത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. ഞാൻ മറ്റൊരു യോഗത്തിലായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്'. നിതീഷ് കുമാർ വ്യക്തമാക്കി. 2016 ലാണ് ബിഹാറിൽ മദ്യ നിരോധനം നിലവിൽ വരുന്നത്. നേരത്തെ ലക്ഷ്‌മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.
ഞെട്ടിച്ച ദുരന്തം: നേരത്തെ ബിഹാറിലെ സരണ്‍ ജില്ലയിൽ വിഷമദ്യം കഴിച്ചതിനെത്തുടർന്ന് 40 പേർ മരിച്ചിരുന്നു. ജില്ലയിലെ ഛപ്രയിലാണ് പരമ്പരാഗത ലഹരിപാനീയമായ 'മോഹുവ' കഴിച്ചതിനെ തുടര്‍ന്ന് നിരവധി പേർ മരിച്ചത്. ജില്ലയിലെ ഇശ്വപൂർ, മഷ്‌റക്, അമ്‌നോർ എന്നീ മേഖലകളിലും ദുരന്തം റിപ്പോർട്ട് ചെയ്‌തിരുന്നു.
മദ്യം കുടിച്ചാൽ മരിക്കും: അന്നത്തെ മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ വിസമ്മതിച്ചിരുന്നു. അന്ന് പ്രദേശം സന്ദർശിക്കാനെത്തിയ നിതിഷ് കുമാറിന്‍റെ വാക്കുകളും ഏറെ വിവാദമായിരുന്നു. മദ്യം കുടിച്ചാൽ മരിക്കും എന്നായിരുന്നു നിതീഷ് കുമാർ അന്ന് പറഞ്ഞത്.
'ഇവിടെ മദ്യ നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജ മദ്യം കാരണം ആളുകൾ മരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഇതേ സ്ഥിതി തന്നെയായിരുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. മദ്യനിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജമായ പലതും വിൽക്കാനും അതുപയോഗിക്കുന്നത് വഴി ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്. മദ്യം വിഷമാണ്, അത് കുടിക്കരുത്'. എന്നായിരുന്നു നിതീഷിന്‍റെ വാക്കുകൾ.