ഹൈദരാബാദ്: ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കുള്ള പിഴത്തുകയിൽ വൻ ഇളവ് വരുത്തിയതിന് പിന്നാലെ തെലങ്കാനയിൽ ഒറ്റ ദിവസം അടച്ച് തീർത്തത് 80 ശതമാനത്തോളം ചെല്ലാനുകൾ. മാർച്ച് 1 മുതൽ 31 വരെ തെലങ്കാന പൊലീസ് ഏർപ്പെടുത്തിയ വൻ ഇളവാണ് പിഴ കുടിശ്ശികയുള്ളവർ ഉപയോഗപ്പെടുത്തിയത്. പിഴ അടയ്‌ക്കാനുള്ളവരുടെ തള്ളിക്കയറ്റം കാരണം ചെല്ലാൻ പേയ്‌മെന്‍റ് സെർവർ പോലും തകരാറിലായി.
ആദ്യ ദിവസം ഒരു മിനിറ്റിൽ 700ൽ അധികം ചെല്ലാനുകളാണ് അടച്ചു തീർത്തത്. 5 ലക്ഷത്തിലധികം പേർ ആദ്യ ദിവസം തന്നെ പിഴ അടച്ചു തീർത്തു. ഈ ഇനത്തിൽ 5.5 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. അവധി ദിനമായതിനാൽ ഇന്നലെ മീ സേവാ സേവന കേന്ദ്രങ്ങൾ തുറന്നിരുന്നില്ല.
മീ സേവാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ മിനിറ്റിൽ 1000ൽ അധികം ചെല്ലാനുകൾ അടച്ച് തീർക്കാൻ കഴിയുമായിരുന്നു എന്നും അധികൃതർ അറിയിച്ചു. സർക്കാരിലേക്ക് ലഭിക്കാനുള്ള പിഴ കുടിശ്ശിക വലിയ രീതിയിൽ ഉയർന്നതിനെത്തുടർന്നാണ് തുകയിൽ ഇളവ് നൽകാൻ തെലങ്കാന പൊലീസ് തീരുമാനിച്ചത്. കൂടാതെ കൊവിഡ് കാരണം ജനങ്ങൾക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും സർക്കാർ പരിഗണിക്കുകയായിരുന്നു. ഇതോടെ ഈ സുവർണ അവസരം കുടിശ്ശികയുള്ളവർ ഏറ്റെടുക്കുകയായിരുന്നു.
ALSO READ: ഓഹരി വിപണികളില്‍ തകർച്ച ; സെന്‍സെക്‌സ് 600 പോയിന്‍റ് ഇടിഞ്ഞു
ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കുള്ള കുടിശ്ശിക തുകയിൽ 75% കിഴിവും ലൈറ്റ് മോട്ടോർ വെഹിക്കിൾസ്, ഹെവി മോട്ടോർ വെഹിക്കിൾസ് എന്നിവയ്ക്ക് 50% കിഴിവുമാണ് അനുവദിച്ചത്. മാസ്‌ക് ധരിക്കാത്തതിനാലുള്ള പിഴകൾക്ക് 90% കിഴിവും നൽകിയിട്ടുണ്ട്. ടിഎസ്ആർടിസി ബസ് ഡ്രൈവർമാർക്ക് പിഴത്തുകയിൽ നിന്ന് 70% കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്.