ന്യൂഡൽഹി : പെഗാസസ് സ്പൈവെയർ വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷം രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നുണകൾ പറയുകയും തെറ്റായ വിവരണത്തിലൂടെ ആശയക്കുഴപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശീലമുണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു. രാഹുലും കോണ്‍ഗ്രസും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും പത്ര അഭിപ്രായപ്പെട്ടു.
ALSO READ : ഖേൽ രത്ന : ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെ ശുപാർശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം
പെഗാസസ് സ്‌പൈവെയർ കേസിന്‍റെ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതി വിധിയെ പറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഭിപ്രായപ്രകടനം ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. നുണ പറയലും ആശയക്കുഴപ്പം പരത്തലും രാഹുൽ ഗാന്ധിയുടെ ശീലമാണ്. ഇന്ന് സുപ്രീം കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധി വീണ്ടും അതേ കാര്യം ആവര്‍ത്തിച്ചെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും ഈ വിഷയത്തിൽ കോടതിയിൽ പോയിട്ടില്ലെന്നും പത്ര പറഞ്ഞു.
പെഗാസസ് സോഫ്‌റ്റ്‌വെയർ നിരീക്ഷണത്തിന് ഉപയോഗിച്ചു എന്നാരോപിച്ചുള്ള അന്വേഷണത്തിന് വിദഗ്‌ധ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് അനുസൃതമാണെന്ന് ബിജെപി വക്താവ് പറഞ്ഞു. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധി മുമ്പ് കോടതികളെ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജനാധിപത്യ മൂല്യങ്ങളിൽ പൂർണമായി വിശ്വസിക്കുന്നുവെന്നും പത്ര പറഞ്ഞു.
ചൗക്കിദാർ ചോർ ഹേ
സുപ്രീം കോടതി വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നു. മറുവശത്ത്, റഫാൽ ഇടപാട് കേസിൽ സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ കോൺഗ്രസ്, പ്രത്യേകിച്ച് രാഹുൽ ഗാന്ധി തീരുമാനത്തെ വാക്കാൽ അപലപിച്ചു. 2019 നവംബർ 14-ന് വിവാദമായ റഫാൽ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം തള്ളിക്കൊണ്ടുള്ള 2018 ഡിസംബർ 14-ലെ ഉത്തരവിൽ നിന്ന് പിന്മാറാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചൗക്കിദാർ ചോർ ഹേ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയ കോടതിയലക്ഷ്യ കേസും അവസാനിപ്പിച്ചു.
പ്രചാരണത്തിന്‍റെ തിരക്കിനിടയിലാണ് ഈ പരാമർശം നടത്തിയതെന്ന് രാഹുല്‍ പിന്നീട് അവകാശപ്പെടുകയും അതിൽ ക്ഷമ ചോദിക്കുകയും ചെയ്‌തു. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി അദ്ദേഹത്തിന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരുന്നു. പെഗാസസ് സ്പൈവെയർ കേസ് അന്വേഷിക്കുന്ന സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്‌സ്, നെറ്റ്‌വർക്കുകൾ, ഹാർഡ്‌വെയർ എന്നിവയിലെ വിദഗ്‌ധർ ഉൾപ്പെട്ട മൂന്നംഗ സമിതിക്ക് സുപ്രീം കോടതി ബുധനാഴ്ച രൂപം നൽകി.
ALSO READ : 'പ്രേതങ്ങള്‍ വിവാഹിതരാകുന്ന' ഇടമുണ്ട് കേരളത്തില്‍ ; സര്‍വത്ര വിചിത്രം,കൗതുകകരം
ചീഫ് ജസ്‌റ്റിസ് എൻ വി രമണയും ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് റിട്ടയേർഡ് ജഡ്‌ജി ജസ്‌റ്റിസ് ആർ വി രവീന്ദ്രന്‍റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സമിതിയോട് ആരോപണങ്ങൾ സമഗ്രമായും വേഗത്തിലും പരിശോധിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എട്ടാഴ്‌ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.