ശ്രീനഗർ: പിഡിപിയുടെ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റിയുടെ (പിഎസി) നിർണായക യോഗം തുടരുന്നു. ജമ്മു കശ്‌മീരിലെ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾക്കുള്ള കേന്ദ്രത്തിന്‍റെ ക്ഷണം ചർച്ച ചെയ്യാനാണ് യോഗം ചേർന്നിരിക്കുന്നത്. രാവിലെ 11ന് ചേർന്ന യോഗം പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തിയുടെ വസതിയിലാണ് പുരോഗമിക്കുന്നത്.
Also Read: 'നികുതി വീണ്ടെടുക്കലിൽ പിഎച്ച്‌ഡി': ഇന്ധനവില വർധനവില്‍ കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍
മെഹബൂബയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാർട്ടി നേതാക്കളായ അബ്‌ദുൽ റഹ്മാൻ വീരി, മുഹമ്മദ് സർതാജ് മദ്‌നി, ഗുലാം നബി ലോൺ ഹഞ്ജുര, മെഹബൂബ് ബേഗ്, നയീം അക്തർ യശ്പാൽ ശർമ, മാസ്റ്റർ തസ്സാദുക് ഹുസൈൻ, സോഫി അബ്ദുൽ ഗഫർ, നിസാം-ഉദ്-ദിൻ ഭട്ട്, ആസിയ നകാഷ്, ഫിർദസ് അഹ്മദ് തക്, മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് യൂസഫ് ഭട്ട് എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഗുപ്‌കറിൽ നടക്കുന്ന യോഗത്തിൽ വീരിയും പിഡിപി ചീഫ് വക്താവ് സയ്യിദ് സുഹൈൽ ബുഖാരിയും നേരിട്ട് പങ്കെടുത്തപ്പോൾ മറ്റ് നേതാക്കൾ ഓൺലൈനായാണ് പങ്കുചേർന്നത്. ജൂൺ 24 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ പാർട്ടി പങ്കാളിത്തം സംബന്ധിച്ച് പിഎസി യോഗം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് നേതാക്കൾ അറിയിച്ചു.
കേന്ദ്രഭരണ പ്രദേശത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് ജമ്മു കശ്‌മീരിൽ നിന്നുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കാനിരിക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ജമ്മു കശ്‌മീരിൽ നിന്നുള്ള 14 രാഷ്ട്രീയ നേതാക്കളെയും നാല് മുൻ മുഖ്യമന്ത്രിമാരെയുമടക്കം ക്ഷണിച്ചിട്ടുണ്ട്.
Also Read: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി
നാഷണൽ കോൺഫറൻസ് (എൻസി), പിഡിപി, ബിജെപി, കോൺഗ്രസ്, ജമ്മു കശ്‌മീർ അപ്‌നി പാർട്ടി, സിപിഎം, പീപ്പിൾസ് കോൺഫറൻസ്, ജമ്മു കശ്‌മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി എന്നീ എട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഫോണിലൂടെയാണ് ക്ഷണിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് 5 ന് ശേഷം ജമ്മു കശ്‌മീരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പ്രധാനമന്ത്രി ചേരുന്ന ആദ്യ യോഗമാണിത്.