ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സർക്കാരിനെതിരെയുള്ള 'പേസിഎം' പോസ്‌റ്റർ കാമ്പയിൻ സോഷ്യൽ മീഡിയയിൽ കൂടുതൽ വ്യാപകമാകുന്നു. സർക്കാരിന്‍റെ അഴിമതികളും കൈക്കൂലി ആരോപണങ്ങളും രേഖപ്പെടുത്തികൊണ്ടുള്ള സ്‌ക്രീൻഷോട്ടുകളാണ് പ്രചരിക്കുന്നത്. ബെംഗളൂരു നഗര മധ്യത്തിൽ ബുധനാഴ്‌ചയാണ്(21.09.2022) ആദ്യമായി പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കേസിൽ അന്വേഷണം ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയും പോസ്‌റ്ററുകൾ നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. തുടർന്ന് പേടിഎം എന്ന ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റത്തിനോട് സമാനമായ പേസിഎം എന്ന പേരിലുള്ള പണം സ്വീകരിച്ചതിന്‍റെ സ്‌ക്രീൻഷോട്ടുകൾ കോൺഗ്രസ് പ്രവർത്തകരുടെ ഫോണുകളിൽ പ്രചരിക്കുകയായിരുന്നു. ഓരോ സ്ക്രീൻഷോട്ടിലും അഴിമതിയോടൊപ്പം വാങ്ങിയ തുകയും രേഖപ്പെടുത്തിയിട്ടുണ്ട്.
'ജൂനിയർ എഞ്ചിനീയർ' തസ്‌തികയിലേക്ക് 30 ലക്ഷം രൂപ, കോൺട്രാക്‌ടർമാർ 40 ലക്ഷം എന്നിങ്ങനെയും പെയ്‌മെന്‍റ് ഫെയിൽഡ് എന്ന സ്ക്രീൻഷോട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൂല്യം 2,500 കോടി രൂപ എന്നിങ്ങനേയും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കൈക്കൂലി പരാതികൾ നൽകുന്നതിനായി കോൺഗ്രസ് ആരംഭിച്ച 'സർക്കാര' എന്ന വെബ്‌സൈറ്റാണ് തുറക്കുന്നത്. പൊതു കരാർ നൽകുന്നതിലും സർക്കാർ റിക്രൂട്ട്‌മെന്‍റിലും അഴിമതി ആരോപിച്ച് കോൺഗ്രസ് സംസ്ഥാന സർക്കാരിനെതിരെ പ്രചരണം നടത്തുന്നതിനിടെയാണ് ഈ പ്രചരണം.
ആദ്യത്തെ പോസ്‌റ്ററുകളിൽ ക്യുആർ കോഡിന് നടുവിൽ ബൊമ്മൈയുടെ മുഖചിത്രവും ഒപ്പം '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന സന്ദേശവുമുണ്ടായിരുന്നു. തന്‍റേയും കർണാടകയുടെയും പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും, ഈ കുപ്രചരണങ്ങൾക്ക് പുറകിൽ പ്രവർത്തിക്കുന്നവർക്കെതിരെ കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.