പട്യാല (പഞ്ചാബ്): പട്യാലയിലെ കാളി ദേവി ക്ഷേത്രത്തിന് സമീപം ശിവസേന പ്രവർത്തകരും സിഖ് സംഘടനകളുമായി തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഖാലിസ്ഥാൻ മൂർദാബാദ് എന്ന പേരിൽ ശിവസേന നേതാവ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിഖ് സംഘടനകൾ എതിർക്കാൻ തുടങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് അന്തരീക്ഷം വഷളാവുകയും ഇരുവിഭാഗങ്ങളും പരസ്‌പരം കല്ലുകൾ എറിയാനും തുടങ്ങി.
ഇതിനിടെ സിഖ് പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ എസ്എച്ച്ഒ കരൺവീറിന്‍റെ കൈക്ക് പരിക്കേറ്റു. തുടർന്ന് സ്ഥലത്തെത്തിയ എസ്എസ്‌പി നായക് സിങ്ങ് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തു. ഹിന്ദു നേതാവ് ഖാലിസ്ഥാനെതിരെ കോലം കത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതറിഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിക്കാൻ തുടങ്ങി.
എന്നാൽ ഇവരെ പൊലീസ് തിരിച്ചയച്ചുവെങ്കിലും സിഖ് സംഘടനകളിലെ അംഗങ്ങൾ വാളുകളുമായി ക്ഷേത്ര പരിസരത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും പരസ്‌പരം കല്ലും ഇഷ്‌ടികയും എറിഞ്ഞ് പോരടിച്ചു. ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ പൊലീസും സർക്കാരും കർശന നടപടി സ്വീകരിക്കണമെന്ന് ഹരീഷ് സിംഗ്ല പറഞ്ഞു.
സ്ഥിതി നിയന്ത്രണവിധേയം: ഇതിനിടയിൽ സിഖ് പ്രതിഷേധക്കാർ എസ്എച്ച്ഒയുടെ കൈ വെട്ടിയതായി ചില വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇത് നിഷേധിച്ച പാട്യാല ഡിസി വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പട്യാല റേഞ്ച് ഐജി രാകേഷ് അഗർവാൾ പറഞ്ഞു.
ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി: സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉന്നതതല യോഗം വിളിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണി മുതൽ ഞായറാഴ്‌ച രാവിലെ 6 വരെ നഗരത്തിൽ കർഫ്യു ഏർപ്പെടുത്താൻ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ജില്ലയിൽ നിരോധനാജ്ഞ ഏൽപ്പെടുത്തി.
സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി താൻ ഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും പഞ്ചാബിന്‍റെ സമാധാനത്തിനും ഐക്യത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സർക്കാരിനെതിരെ പ്രതിപക്ഷം: സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണ് നിലനിൽക്കുന്നതെന്ന് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പർതാപ് സിങ് ബജ്‌വ പറഞ്ഞു. പട്യാലയിലെ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ ഒരു മാസമായി പഞ്ചാബിലെ ക്രമസമാധാന നില വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്യാലയിലെ സംഭവം പഞ്ചാബിലെ ജനങ്ങളെ വീണ്ടും നടുക്കിയിരിക്കുകയാണെന്ന് മുൻമന്ത്രി രാജ്‌കുമാർ വെർക്ക പറഞ്ഞു. പഞ്ചാബ് ഇതിനകം ഒരു ഇരുണ്ട നാളുകൾ കണ്ടുകഴിഞ്ഞു. പരസ്പര സാഹോദര്യം സംസ്ഥാനത്ത് ഇല്ലാതാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് സിംഗ്ലയെ പുറത്താക്കി ശിവസേന: സംഘർഷത്തെ തുടർന്ന് ഹരീഷ് സിംഗ്ലയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശിവസേന പഞ്ചാബ് പ്രസിഡന്‍റ് യോഗ്‌രാജ് ശർമ പത്രക്കുറിപ്പിൽ അറിയിച്ചു. പരസ്‌പര സാഹോദര്യം കാത്തുസൂക്ഷിക്കണം. ഹിന്ദുക്കളും സിഖുകാരും സഹോദരങ്ങളാണ്. അക്രമികൾ സമാധാനാന്തരീക്ഷം നശിപ്പിക്കുകയാണ്. അവർക്കെതിരെ പൊലീസ് നടപടിയെടുക്കണം. പട്യാലയിൽ ഇന്ന് നടന്നത് ഹരീഷ് സിംഗ്ലയുടെ ആഹ്വാനമാണെന്നും ശിവസേനയുടേതല്ലെന്നും യോഗ്‌രാജ് ശർമ പറഞ്ഞു.
പട്യാലയിൽ നടന്ന സംഘർഷങ്ങളുമായി ശിവസേനക്ക് ബന്ധമില്ലെന്ന് ശിവസേന സെക്രട്ടറി എംപി അനിൽ ദേശായി ഇടിവി ഭാരതിനോട് പറഞ്ഞു. ശിവസേന മതസൗഹാർദം തകർക്കാൻ ആഗ്രഹിക്കുന്നില്ല. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.