പട്‌ന: മോദി അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇടക്കാല ആശ്വസം അനുവദിച്ച് പട്‌ന ഹൈക്കോടതി. മെയ് മാസം പകുതിയോടെ കോടതി കേസിലെ അടുത്ത വാദം കേള്‍ക്കും. ജസ്‌റ്റിസ് സന്ദീപ് കുമാര്‍ ഇന്ന് വാദം കേള്‍ക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു (22.04.2023) പട്‌ന ഹൈക്കോടതിക്ക് മുമ്പാകെ രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: മോദി പരാമര്‍ശത്തെ തുടര്‍ന്ന് ബിഹാറിലെ ബിജെപി നേതാവ് സുഷീല്‍ കുമാര്‍ മോദി നല്‍കിയ പരാതിയിലായിരുന്നു രാഹുലിനെതിരെ കേസെടുത്തത്. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പ്രസ്‌താവനയിലായിരുന്നു രാഹുലിനെതിരെ കേസ്. പ്രസംഗത്തില്‍ രാജ്യം വിട്ട നീരവ് മോദിയേയും ലളിത് മോദിയേയും ഒപ്പം നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു.
കള്ളന്മാര്‍ക്കെല്ലാം തന്നെ മോദി എന്നൊരു പേരുണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന്‍റെ പരാമര്‍ശങ്ങളിലൂടെ മോദ് അല്ലെങ്കില്‍ മോദി സമുദായത്തെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതിക്കാരന്‍റെ പക്ഷം. ഏപ്രില്‍ 21ന് വാദം കേട്ട മഹാരാഷ്‌ട്ര ഹൈക്കോടതി രാഹുലിനോട് ഏപ്രില്‍ 25ന് അതായത് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
രാഹുലിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത ബിജെപി നേതാവ് സുഷീല്‍ കുമാര്‍ മോദി, രാഹുല്‍ ഒബിസി വിഭാഗത്തെ മുഴുവനായി ആക്ഷേപിച്ചുവെന്ന് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് കോടതി അനുയോജ്യമായ ശിക്ഷ വിധിക്കുമെന്ന് കരുതുന്നതായി സുഷീല്‍ കുമാര്‍ മോദി പറഞ്ഞു. കേസില്‍ സുഷീല്‍ കുമാര്‍ മോദിയുടെ ഉള്‍പെടെ അഞ്ച് പേരുടെ മൊഴി കോടതി രേഖപ്പെടുത്തി.
രാഹുലിന് ആശ്വാസം: കേസില്‍ പട്‌ന ഹൈക്കോടതിയുടെ വാദം എല്ലാവരും ഉറ്റുനോക്കിയിരുന്ന ഒന്നാണ്. ഏതായാലും കോടതിയുടെ തീരുമാനം രാഹുലിന് വലിയ ആശ്വാസമായിരിക്കുകയാണ്. മോദി പരാമര്‍ശത്തെ തുടര്‍ന്ന് മാര്‍ച്ച് മാസം 23ന് സൂറത്ത് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
അടുത്ത ദിവസം തന്നെ രാഹുല്‍ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടു. തന്‍റെ പരാമര്‍ശങ്ങള്‍ ചില വ്യക്തികള്‍ക്ക് എതിരെ മാത്രമാണെന്നും മുഴുവന്‍ സമൂഹത്തിന് എതിരല്ലെന്നും അതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.
ഏപ്രില്‍ 22ന് രാഹുല്‍ ഗാന്ധി തന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. സത്യം തുറന്നുപറഞ്ഞതിന്‍റെ പേരില്‍ എന്ത് വിലയും നല്‍കാന്‍ തയ്യാറാണെന്ന് മുന്‍ ലോക്‌സഭ എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. 19 വര്‍ഷമായി താന്‍ താമസിച്ചിരുന്ന ബംഗ്ലാവ് രാജ്യത്തെ ജനങ്ങള്‍ തനിക്ക് നല്‍കിയതാണെന്ന് വസതി ഒഴിഞ്ഞ ശേഷം രാഹുല്‍ പ്രതികരിച്ചിരുന്നു.
രാഹുല്‍ ഔദ്യോഗിക വസതിയുടെ താക്കോല്‍ കൈമാറുന്ന സമയം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 19 വര്‍ഷത്തേക്ക് ഈ ഔദ്യോഗിക വസതി തനിക്ക് സമ്മാനിച്ച ഹിന്ദുസ്ഥാനിലെ ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഇനി കുറച്ചുനാള്‍ 10 ജനപഥിലാണ് താന്‍ താമസിക്കുവാന്‍ പോകുന്നതെന്ന് രാഹുല്‍ അറിയിച്ചു.