മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. ലോക്മാന്യ തിലക് ടെര്‍മിനസിലാണ് (എല്‍ടിടി) ഇന്ന് നിരവധി യാത്രക്കാരെത്തിയത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടുത്ത 15 ദിവസത്തേക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സമാനമായി ചൊവ്വാഴ്‌ചയും ലോകമാന്യ തിലക് ടെര്‍മിനസില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും സ്റ്റേഷനുകളില്‍ കൂട്ടം കൂടേണ്ടതില്ലെന്നും സെന്‍ട്രല്‍ റെയില്‍വെ വ്യക്തമാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ റെയില്‍വെ പൊലീസിനെയും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴിവാക്കിയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് രാത്രി എട്ട് മുതൽ മെയ് ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ പ്രത്യേക ട്രെയിനുകളില്‍ സഞ്ചരിക്കാന്‍ പാടുള്ളുവെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തണമെന്നും സെന്‍ട്രല്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി സുതാര്‍ പറഞ്ഞു. ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റുങ്ങള്‍ റെയില്‍വെ നിരന്തരം നിരീക്ഷിക്കുന്നതായും ഏതെങ്കിലും സ്ഥലത്തേക്ക് കൂടുതല്‍ ടിക്കറ്റുകള്‍ ആവശ്യമാണോയെന്നും പരിശോധിക്കുന്നുണ്ടെന്നും ശിവാജി സുതാര്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്രയില്‍ തിങ്കളാഴ്‌ച 51,751 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 258 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്.
കൂടുതല്‍ വായനയ്‌ക്ക്; മഹാരാഷ്‌ട്രയിൽ 51,751 പേർക്ക് കൊവിഡ്; 258 മരണം