ന്യൂഡൽഹി: പാർലമെന്‍റ് സുരക്ഷാവീഴ്‌ച കേസിൽ അറസ്റ്റിലായ ആറാം പ്രതി മഹേഷ് കുമാവതിനെ ഡൽഹി കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു (Parliament security breach case). സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വർഷമായി നടക്കുന്ന ഗൂഢാലോചനകളിൽ മഹേഷിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രത്യേക ജഡ്‌ജി ഹർദീപ് കൗർ പ്രതിയെ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.
രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാൻ പ്രതികൾ ആഗ്രഹിച്ചു. അതുവഴി തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിനെ നിർബന്ധിതരാക്കാനും പ്രതികൾ ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഗൂഢാലോചനയുടെ പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിക്കാൻ മഹേഷ് മുഖ്യ സൂത്രധാരനായ ലളിത് ഝായെ സഹായിച്ചതായും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
അതേസമയം പ്രോസിക്യൂഷൻ വാദങ്ങളെ പ്രതിഭാഗം അഭിഭാഷകൻ ശക്തമായി എതിർത്തു. ഒരു കാരണവുമില്ലാതെ മഹേഷ് കുമാവതിനെ അറസ്‌റ്റ് ചെയ്‌തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ വാദഗതിയിൽ ഉറച്ചുനിന്ന പ്രോസിക്യൂട്ടർ പ്രതികള്‍ പാർലമെന്‍റിൽ അതിക്രമിച്ച് കയറിയതിന് പിന്നിൽ ശത്രു രാജ്യവുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് വാദിച്ചു. അതിക്രമത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പ്രതിയെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുമാവതിനെ അറസ്റ്റ് ചെയ്‌തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കേസിലെ ആറാമത്തെ അറസ്റ്റായിരുന്നു ഇയാളുടേത്. വ്യാഴാഴ്‌ച രാത്രി, സംഭവത്തിന്‍റെ മുഖ്യ ആസൂത്രകനായ ലളിത് ഝായ്‌ക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു കുമാവത്. പൊലീസ് ഇരുവരെയും സ്‌പെഷ്യൽ സെല്ലിന് കൈമാറി. അന്നുമുതൽ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സൃഷ്‌ടിച്ച ഭഗത് സിംഗ് ഫാൻ ക്ലബ് പേജിലെ അംഗമായിരുന്നു മഹേഷ് കുമാവത്.
സ്വയം തീകൊളുത്താൻ പദ്ധതി: പാർലമെന്‍റിൽ അതിക്രമിച്ചു കയറിയ പ്രതികൾ ദേഹത്ത് സ്വയം തീകൊളുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു (Parliament Security Breach Accused Planned Self Immolation). പൊള്ളലേൽക്കുന്നത് തടയുന്ന ജെൽ ദേഹത്ത് പുരട്ടിയ ശേഷം സ്വയം തീകൊളുത്തിയുള്ള പ്രതിഷേധമാണ് ഇവർ ആദ്യം ആലോചിച്ചത്. എന്നാൽ ഇത് നടന്നില്ല. ഇതുകൂടാതെ പാർലമെന്‍റിനകത്ത് ലഘുലേഖകൾ വിതരണം ചെയ്യാനും ഇവർ പദ്ധതിയിട്ടു (Distribution of Pamphlets). എന്നാൽ പ്ലാൻ എ നടപ്പാക്കാനാകാതെ വന്നപ്പോളാണ് പ്ലാൻ ബി ആയ പുകക്കുറ്റി ആക്രമണം നടപ്പാക്കിയതെന്നും പൊലീസ് വെളിപ്പെടുത്തി.
Also Read: പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു; പാർലമെന്‍റ് സുരക്ഷാവീഴ്‌ചയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
"ഈ പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിന് മുമ്പ് (ലോക്‌സഭാ ചേംബറിലേക്ക് ചാടുന്നതിന്) പ്രതികൾ തങ്ങളുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കാനുള്ള മറ്റ് വഴികളെപ്പറ്റിയും അന്വേഷിച്ചിരുന്നു. ശരീരത്തിൽ ഫയർ പ്രൂഫ് ജെൽ പുരട്ടി സ്വയം തീകൊളുത്താൻ അവർ ആദ്യം ആലോചിച്ചു. പക്ഷേ ഈ ആശയം ഉപേക്ഷിച്ചു. പാർലമെന്‍റിനുള്ളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും അവർ ആലോചിച്ചെങ്കിലും ഒടുവിൽ ബുധനാഴ്‌ച തങ്ങള്‍ നടപ്പിലാക്കിയ പദ്ധതിയുമായി അവർ മുന്നോട്ട് പോയി." ഡൽഹി പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയുടെ (BJP MP Pratap Simha) മൊഴി രേഖപ്പെടുത്താനും കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ തീരുമാനിച്ചു. മൈസൂരു എംപിയായ സിംഹയുടെ ശുപാര്‍ശപ്രകാരം ലഭിച്ച സന്ദർശക പാസുകൾ ഉപയോഗിച്ചാണ് അക്രമികൾ പാര്‍ലമെന്‍റിനകത്തു കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.