അമൃത്‌സര്‍ (പഞ്ചാബ്) : പ്രണയം അനന്തമാണ്. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസങ്ങള്‍ക്ക്, എന്തിനേറെ രാജ്യങ്ങള്‍ തമ്മിലുള്ള അതിർത്തികള്‍ക്ക് പോലും പ്രണയത്തെ തടഞ്ഞു നിര്‍ത്താനാകില്ല. അതിര്‍ത്തികള്‍ താണ്ടിയെത്തുന്ന എത്രയെത്ര പ്രണയിതാക്കളാണ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്. ഏറ്റവുമൊടുവില്‍ ചെന്നെത്തി നില്‍ക്കുന്നത് ജവേരിയ ഖാനം എന്ന യുവതിയിലാണ് (Cross border love story).
ജവേരിയ ഖാനം പാകിസ്ഥാനില്‍ നിന്നാണ്. ഇന്ത്യയിലെത്തിയതാകട്ടെ തന്‍റെ കാമുകന്‍ സമീര്‍ ഖാനെ വിവാഹം കഴിക്കാനും (Pakistani woman arrives in India to marry Kolkata man). കൊല്‍ക്കത്ത സ്വദേശിയായ സമീറിന്‍റെ അരികിലെത്താന്‍ ജവേരിയക്ക് അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഒടുക്കം 45 ദിവസത്തെ വിസ അനുവദിച്ച് കിട്ടിയതോടെ ജവേരിയ, അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ പ്രിയതമന്‍റെ മണ്ണിലേക്ക് (Pakistani woman reached India for her love).
ഇന്ത്യയിലെത്തിയ കഥാനായികയെ ഡോല്‍ താളത്തോടെയാണ് സമീറും സംഘവും സ്വീകരിച്ചത്. തന്‍റെ പ്രണയം സഫലമാകുന്നതിന് പ്രധാന പങ്കുവഹിച്ച ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കാനും ജവേരിയ മറന്നില്ല. 'വളരെ സന്തോഷവതിയാണ് ഞാന്‍. ഇന്ത്യയിലേക്ക് എത്താന്‍ എന്നെ സഹായിച്ച ഇന്ത്യ ഗവണ്‍മെന്‍റിന് പ്രത്യേകം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ആയിട്ട് ഞാനും സമീറും സ്‌നേഹത്തിലാണ്. വളരെ കാലമായി വിസ ലഭിക്കാനായി ശ്രമിക്കുകയായിരുന്നു. ഒടുവില്‍ എനിക്ക് 45 ദിവസം ഇന്ത്യയില്‍ തങ്ങാന്‍ അനുമതി ലഭിച്ചു' -ജവേരിയ പ്രതികരിച്ചു.
അടുത്തിടെയാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാനി വനിത കാമുകനെ തേടി ഇന്ത്യയില്‍ എത്തിയതും സംഭവം വലിയ വാര്‍ത്തയായതും. 2019ല്‍ പബ്‌ജി ഓണ്‍ലൈന്‍ ഗെയിം വഴിയാണ് സീമ സച്ചിന്‍ മീണയെ പരിചയപ്പെടുന്നത് (Seema Haider Sachin Meena love story). സൗഹൃദം പതിയെ പ്രണയത്തിലേക്ക് മാറുകയായിരുന്നു. സച്ചിനൊപ്പം കഴിയാനായി ഇക്കഴിഞ്ഞ മെയ് 13നാണ് സീമ തന്‍റെ നാല് കുട്ടികള്‍ക്കൊപ്പം ഖുന്‍വ അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തിയത്.
എന്നാല്‍ ജൂലൈ നാലിന് വിസ ഇല്ലാതെ രാജ്യത്തേക്ക് കടന്ന കുറ്റത്തിന് സീമയേയും അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് സച്ചിനെയും അറസ്റ്റ് ചെയ്‌തു. കേസില്‍ ജൂലൈ ഏഴിന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. കാമുകനടുത്തെത്താന്‍ സീമ സ്വീകരിച്ച വഴികള്‍ കാഠിന്യമുള്ളതായിരുന്നു.
പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലേക്ക് അനധികൃതമായി പ്രവേശിച്ചതായിരുന്നു സീമയും കുട്ടികളും സച്ചിന്‍റെ അടുത്തെത്തിയത്. നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ എത്തിയതില്‍ തനിക്ക് ഖേദം ഉണ്ടെന്നും എന്നാല്‍ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ തനിക്ക് ആഗ്രഹമില്ലെന്നും സീമ വ്യക്തമാക്കിയിരുന്നു.
സംഭവബഹുലമായ പല കാര്യങ്ങളും സീമയുടെയും സച്ചിന്‍റെയും ജീവിതത്തില്‍ പിന്നീട് ഉണ്ടായി. ജൂലൈ 15, 18 തീയതികളില്‍ മൂന്ന് ഐഎസ്‌ഐ ഏജന്‍റുമാരെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് നിര്‍ണായകമായ വിവരം ലഭിക്കുകയും സീമയെ ജൂലൈ 27ന് വീട്ടുതടങ്കലില്‍ ആക്കുകയും ആയിരുന്നു. യുപി എടിഎസ് സച്ചിന്‍റെ വീട്ടിലെത്തി സീമയെ ചോദ്യം ചെയ്‌തു. ഐഎസ്ഐ ഏജന്‍റുമാരില്‍ പെട്ടയാളാകാം എന്ന സംശയത്തിലായിരുന്നു നടപടികളെല്ലാം.