ന്യൂഡല്‍ഹി: ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്‌താനി വനിത സീമ ഗുലാം ഹൈദര്‍ തന്നെ നുണ പരിശോധന വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായി അഭിഭാഷകന്‍ എപി സിങ് പറഞ്ഞു. സീമ ഹൈദറിന്‍റെ പോളിഗ്രാഫ് ടെസ്റ്റിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എപി സിങ് പറഞ്ഞു. സീമ ഹൈദര്‍ ശരിക്കും തന്‍റെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ വന്നതാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തില്‍ അതിര്‍ത്തി കടന്നെത്തിയതാണോയെന്നും പരിശോധനയിലൂടെ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ റബുപുര സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം കഴിച്ചതിന് ശേഷം ഹിന്ദു മതം സ്വീകരിച്ച സീമ ഹൈദര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് എത്തുകയായിരുന്നുവെന്നും എപി സിങ് പറഞ്ഞു. ബുലന്ദ്‌ഷഹറില്‍ വച്ച് വിവാഹം രജിസറ്റ്ര്‍ ചെയ്യാന്‍ സീമ ഹൈദര്‍ ശ്രമിച്ചെങ്കിലും അതിനിടെ പൊലീസ് സീമക്കെതിരെ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായതെന്ന് അഭിഭാഷകന്‍ പറഞ്ഞു. സീമ ഹൈദര്‍ ഇന്ത്യയിലെത്തിയതിന് മറ്റ് ഉദേശങ്ങളില്ല. അതുകൊണ്ട് തന്നെ തന്‍റെ മുഴുവന്‍ രേഖകളും സീമ കൊണ്ടുവന്നിരുന്നുവെന്നും അതെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എപി സിങ് പറഞ്ഞു.
സംഭവത്തില്‍ സുരക്ഷ ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത് ഒരു തരത്തില്‍ മനുഷ്യവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സച്ചിനെയും സീമയേയും തമ്മില്‍ കാണാന്‍ അനുവദിക്കാത്തത് കൊണ്ടാണ് സീമയുടെ നാല് മക്കളും ഭക്ഷണം കഴിക്കാത്തതെന്നും മുൻ പാകിസ്ഥാൻ പൗരനായ അദ്‌നാൻ സാമി, കനേഡിയൻ വംശജനായ അക്ഷയ് കുമാർ, ബോളിവുഡ് നടി ദീപിക പദുക്കോൺ എന്നിവരെ പോലുള്ളവർക്ക് ഇന്ത്യൻ പാസ്‌പോർട്ട് ലഭിച്ചു. എന്തുകൊണ്ട് സീമ ഹൈദറിന് ഇത് ബാധകമല്ലെന്നും എപി സിങ് ചോദിച്ചു.
പ്രണയവും വിവാഹവും, ഒടുക്കം കേസും: ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജി വഴിയാണ് ഇന്ത്യന്‍ വംശജനായ സച്ചിന്‍ മീണയുമായി പാകിസ്‌താനി വനിത സീമ ഗുലാം ഹൈദര്‍ പ്രണയത്തിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ച നാല് മക്കളുള്ള സീമ ഹൈദറും സച്ചിന്‍ മീണയും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തില്‍ വിവാഹിതരായത്. നേപ്പാളില്‍ വച്ച് വിവാഹിതരായതിന് പിന്നാലെ ഇരുവരും സ്വദേശങ്ങളിലേക്ക് മടങ്ങി.
അതിന് ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ തന്‍റെ നാല് മക്കളുമായി സച്ചിനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ റബുപുരയിലെ സച്ചിന്‍ മീണയുടെ വീട്ടിലെത്തിയ സീമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് സീമക്കെതിരെ കേസെടുത്ത് ജയിലിലടച്ചത്. സീമയ്‌ക്ക് അഭയം നല്‍കിയത് ചൂണ്ടിക്കാട്ടി സച്ചിന്‍ മീണക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
ജയിലിലടച്ച ഇരുവര്‍ക്കും കഴിഞ്ഞ ഏഴിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തന്നെ പോളിഗ്രാഫ് പരിശോധനയ്‌ക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് സീമ ഗുലാം ഹൈദര്‍ കോടതിയെ സമീപിച്ചത്.