കൊല്‍ക്കത്ത: ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ ഫോട്ടോകളും ചിത്രങ്ങളും പാകിസ്ഥാന്‍ വനിതയുമായി പങ്കിട്ടെന്ന ആരോപണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ ഭക്തി വന്‍ഷി ജാ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാളെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (Special Task Force) അറസ്റ്റ് ചെയ്‌തത്.
എസ്‌ടിഎഫിന് (STF) ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഭക്തി വന്‍ഷി ജാ താമസിക്കുന്ന കൊല്‍ക്കത്തയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാര്‍ കാര്‍ഡുകളും (ADHAR CARD) വോട്ടര്‍ ഐഡികളും (voter cards) കണ്ടെത്തി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് പിടിയിലായ ഭക്തി വന്‍ഷി ജാ. അതുകൊണ്ട് തന്നെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സ്ഥിരമായി ഇയാള്‍ യാത്ര നടത്താറുണ്ടെന്ന് സംഘം അന്വേഷണത്തില്‍ കണ്ടെത്തി.
ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇയാള്‍ വനിതയുമായി പങ്കിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ ബിഹാറില്‍ താമസിച്ചിരുന്ന ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സംഘം ബിഹാറിലേക്ക് തിരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇയാള്‍ കൊല്‍ക്കത്തയിലെ വിവിധയിടങ്ങളില്‍ താമസിച്ചിരുന്നു. നിരോധിത മേഖലകളുടെ അടക്കം ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പാക് വനിതയുമായി പങ്കിട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
'ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ പ്രശ്‌നമാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ്‌ടിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഇയാള്‍ രഹസ്യ വിവരങ്ങള്‍ പങ്കിട്ട വനിതയുടെ വിവരങ്ങള്‍ പുറത്ത് പറയുന്നില്ലെന്നും പാകിസ്ഥാന്‍ രഹസ്യന്വേഷണ സംഘവുമായി യുവതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും' അന്വേഷണ സംഘം പറഞ്ഞു. പ്രത്യേക സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇയാള്‍ ഫോട്ടോകളും ചിത്രങ്ങളും പങ്കിട്ടത്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസിയുമായി (NIA) ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത പൊലീസ്.
പൂനെ ഡിആര്‍ഡിഒ കേന്ദ്രത്തിലും സമാന സംഭവം (Same incident happened in DRDO center Pune) : ഇക്കഴിഞ്ഞ മെയ് നാലിന് പൂനെ കേന്ദ്രത്തിലെ ഡിആര്‍ഡിഒ (DRDO) കേന്ദ്രത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രധാന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ സമാന കേസില്‍ അറസ്റ്റിലായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ഇയാള്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാക് രഹസ്യന്വേഷണ ഏജന്‍സി സംഘവുമായി ഇയാള്‍ വാട്‌സ്‌ആപ്പ് കോളിലൂടെയും സന്ദേശങ്ങളിലൂടെയും നിരന്തരം ബന്ധപ്പെടാറുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഒഫീഷ്യല്‍ സീക്രട്ട് ആക്‌ട് പ്രകാരമാണ് എടിഎസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.