ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 'വ്യർഥമായ പൊങ്ങച്ചങ്ങള്‍' പറയാതെ 2022-23 സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി എട്ട് ശതമാനമായി ഉയരും എന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച രേഖകള്‍ പുറത്ത് വിടണം. രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം കൂടി വരികയാണ്. എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ചുകളില്‍ നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്യുന്നത്. രാജ്യത്തെ തൊഴില്‍ ശക്തി കുറഞ്ഞുവരുന്നു. ഇതിനെല്ലാം എന്ത് മറുപടിയാണ് സര്‍ക്കാരിന് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Also Read: യുപിയില്‍ വ്യാജമദ്യം കഴിച്ച് ഏഴ് മരണം ; 12 പേര്‍ ഗുരുതരാവസ്ഥയില്‍
രാജ്യത്തിന്‍റെ പൊതു സാമ്പത്തിക വളര്‍ച്ച 11.1 ശതമാനവും അടിസ്ഥാനപരമായത് 8 ശതമാനവുമാകുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്ത് പണപ്പെരുപ്പം സംബന്ധിച്ച് കേന്ദ്രത്തിന്‍റെ കണക്കെന്താണ്. ആഗോളവത്കരണം അടക്കം ബിജെപി നിരസിച്ചിരുന്ന വാദങ്ങളെ എന്തിനിപ്പോഴും പിന്‍തുടരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
വികസിത രാജ്യങ്ങളിലുള്ള പദ്ധതികള്‍ ഇന്ത്യ പോലുള്ള കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യത്തിന് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ആരാഞ്ഞു.