ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 51.66 കോടി കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്ര സർക്കാർ. 55,52.070 വാക്‌സിൻ ഡോസുകൾ നിർമാണത്തിലുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2.29 കോടി വാക്‌സിനുകൾ ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
51.66 കോടി വാക്‌സിനുകളിൽ പാഴായ കൊവിഡ് ഡോസുകൾ അടക്കം 49,74,90,815 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. രാജ്യത്തുടനീളം കൊവിഡ് വാക്‌സിനേഷന്‍റെ തോത് വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം ഇതിന് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിനേഷന്‍റെ സാർവത്രികവൽക്കരണത്തിന്‍റെ ഭാഗമായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75 ശതമാനം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യും.
ഇന്ത്യ കൊവിഡ് കേസ്
രാജ്യത്ത് 38,628 പേർക്ക് കൂടി കൊവിഡ് രോഗബാധ. ഇതോടെ മൊത്തം കൊവിഡ് നിരക്ക് 3,18,95,385 ആയി. അതേസമയം 617 പേര്‍ക്ക് കൂടി ജീവഹാനിയുണ്ടായതോടെ രാജ്യത്തെ മൊത്തം മരണനിരക്ക് 4,27,371ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 4,12,153 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി വർധിച്ചു.