ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 1.48 കോടിയിലധികം പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 2,08,791 പേർ വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 60 വയസ് കഴിഞ്ഞവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.
ചില സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുന്നുണ്ടെങ്കിലും 97 ശതമാനത്തിലധികം പേർ രോഗമുക്തരാകുന്നതായി മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 50 ലക്ഷത്തോളം പേരാണ് കോവിൻ പോർട്ടലിലൂടെ വാക്‌സിനായി രജിസ്റ്റർ ചെയ്‌തതെന്ന് അധികൃതർ പറഞ്ഞു. രജിസ്ട്രേഷനും വാക്‌സിനേഷൻ അപ്പോയിന്‍റ്‌മെന്‍റ് എടുക്കുന്നതിനുമായി കോവിൻ എന്ന പേരിൽ അപ്ലിക്കേഷൻ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷൻ അഡ്‌മിനിസ്ട്രേറ്റർമാർക്കുള്ളതാണെന്നും മന്ത്രാലയം വിശദീകരിച്ചു.