ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കരണം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് തിരുമാനവുമായെത്തിയത്. ചടങ്ങില്‍ നിന്ന് രാഷ്‌ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
പാര്‍ലമെന്‍റില്‍ നിന്ന് ജനാധിപത്യം ചവിട്ടി പുറത്താക്കപ്പെടുമ്പോള്‍ പുതിയ കെട്ടിടത്തിന് ഞങ്ങള്‍ പ്രത്യേക വിലയൊന്നും കല്‍പിക്കുന്നില്ലെന്നും പാര്‍ട്ടികള്‍ പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ പൂര്‍ണമായും ഒഴിവാക്കി പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനമാണ്. മാത്രമല്ല ഇത് ജനാധിപത്യത്തിന് എതിരെയുള്ള കടന്നാക്രമണമാണെന്നും ഈ മാന്യതയില്ലാത്ത പ്രവര്‍ത്തി രാഷ്‌ട്രപതിയുടെ ഉന്നത പദവിയെ അപമാനിക്കുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്ന പാര്‍ട്ടികള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തരം തീരുമാനങ്ങള്‍ ഭരണഘടനയുടെ ചൈതന്യം തകര്‍ക്കുന്നതാണെന്നും വ്യക്തമാക്കിയ പാര്‍ട്ടികള്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നുവെന്നും പ്രഖ്യാപിച്ചു. കോൺഗ്രസ്, ആം ആദ്‌മി പാർട്ടി (എഎപി), തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ), ഇടതുപക്ഷം, രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), ജനതാദൾ യുണൈറ്റഡ് (ജെഡിയു), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവ അടക്കമുള്ള 19 പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
ബിജെപിക്കെതിരെ എപ്പോഴും കോണ്‍ഗ്രസ്: ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും നിരന്തരം നിലപാടുകളുമായെത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യ ദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ ഗാന്ധി ജയന്തി ദിനത്തിലോ ആണ് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം നടത്തേണ്ടതെന്നും വിഡി സവര്‍ക്കറുടെ ജന്മ ദിനത്തിലല്ലെന്നും ലോക്‌സഭയിലെ തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു. വിഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ ഇത് ഉദ്‌ഘാടനം ചെയ്യുന്നത് പാടില്ലെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.
രാഷ്‌ട്രപതിയില്ലാതെ പാര്‍ലമെന്‍റില്ല: ഭരണഘടനയുടെ 79-ാം ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത് പാര്‍ലമെന്‍റ് എന്നത് രാഷ്‌ട്രപതി കൂടി ഉള്‍പ്പെടുന്നതാണെന്നാണ്. പാര്‍ലമെന്‍റിന്‍റെയും രാഷ്‌ട്രത്തിന്‍റെയും തലവനാണ് രാഷ്‌ട്രപതി. പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്‌ട്രപതി വേണം. രാഷ്‌ട്രപതിയില്ലാത്ത സാഹചര്യത്തില്‍ അത് പാടില്ലെന്നുമാണ് ഭരണഘടന വ്യക്തമാക്കുന്നത്.
ഇത്തരം നിയമങ്ങളെല്ലാം നിലനില്‍ക്കേ എങ്ങനെയാണ് രാഷ്‌ട്രപതിയെ ഒഴിവാക്കി പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം ചെയ്യുകയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.
ഉദ്‌ഘാടനം പ്രഖ്യാപിച്ച് അമിത് ഷാ: മെയ് 28നാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം. ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്കാണ് ഉദ്‌ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യുന്നതെന്ന് മോദി സര്‍ക്കാറിന്‍റെ ഒമ്പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
also read: ആദ്യ ശ്രമത്തിൽ തന്നെ റാങ്ക്; സിവിൽ സർവീസിൽ 910-ാം റാങ്ക് നേടിയ കാജലിന് ഇത് സ്വപ്‌ന സാക്ഷാത്‌കാരം