ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ച് പ്രതിപക്ഷം. കേന്ദ്ര ഏജന്‍സികളായ സിബിഐ, ഇഡി എന്നീ എജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയുണ്ടായ സിബിഐ നടപടികള്‍ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 14 രാഷ്‌ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡിഎംകെ, ജനതാദൾ, ഭാരത് രാഷ്ട്ര സമിതി, അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് തുടങ്ങി രാഷ്‌ട്രീയ പാര്‍ട്ടികളാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകന്‍ എഎം സ്വിംഗി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി സ്വിംഗിയാണ് കോടതിയില്‍ ഹാജരായത്. കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്‌ത 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയാണെന്നും നിലവില്‍ ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നില്ലെന്നും സ്വിംഗി കോടതിയെ അറിയിച്ചു. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടിയുണ്ടാകണമെന്നും സ്വിംഗി ആവശ്യപ്പെട്ടു.
ആം ആദ്‌മി പാർട്ടി, ശിവസേന, എൻസിപി, ജാർഖണ്ഡ് മുക്തി മോർച്ച, ജെഡി(യു), സിപിഐ(എം), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സമാജ്‌വാദി പാർട്ടി, ജമ്മു കശ്‌മീര്‍ നാഷണൽ കോൺഫറൻസ് എന്നീ പാര്‍ട്ടികളും കോടതിയെ സമീപിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഒപ്പിട്ട കത്താണ് പ്രധാനമന്ത്രിക്ക് അയച്ചത്. ഇതില്‍ പ്രതിപക്ഷ നേതാക്കളെ പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ആരോപിച്ചു.
സിബിഐ, ഇഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം വിവിധയിനം കേസുകളില്‍ കുടുക്കുകയാണെന്നും ജയില്‍ അടയ്ക്കുകയും ചെയ്‌തു. എന്നാല്‍ ഇതിലും വലിയ കുംഭക്കോണം നടന്നിട്ടും ഈ ഏജന്‍സികളൊന്നും അന്വേഷണം നടത്തിയില്ലെന്നും പ്രതിപക്ഷം കത്തില്‍ പറഞ്ഞു.
മനീഷ് സിസോദിയക്കെതിരെയുണ്ടായ നടപടിയിലും കത്തയച്ച് പ്രതിപക്ഷം: ഡല്‍ഹി മദ്യ കുംഭകോണ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രിയ്‌ക്ക് എഴുതിയ കത്തില്‍ ഇത് മന്ത്രവാദമാണെന്നും അതാണ് തെളിവുകളില്ലാത്തതെന്നും പറഞ്ഞിരുന്നു. ഹിമന്ത ബിശ്വ ശർമ്മ, സുവേന്ദു അധികാരി, മുകുൾ റോയ്, നാരായൺ റാണെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള തുടങ്ങി നിരവധി പേരാണ് പ്രധാനമന്ത്രിക്ക് പ്രതിഷേധം അറിയിച്ച് കത്തയച്ചത്.
മനീഷ് സിസോദിയക്ക് എതിരെയുള്ള ഡല്‍ഹി മദ്യനയക്കേസ് തീര്‍ത്തും അടിസ്ഥാന രഹിതവും രാഷ്‌ട്രീയ ഗൂഢാലോചനയുമാണെന്ന് പ്രതിപക്ഷം കത്തില്‍ പറഞ്ഞിരുന്നു. സിസോദിയയ്‌ക്ക് എതിരെയുണ്ടായ നടപടി രാജ്യത്തെ ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുന്നുവെന്നും പ്രതിപക്ഷം കത്തില്‍ പറഞ്ഞിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം നിലച്ച് കൊണ്ടിരിക്കുമ്പോഴും പ്രതിപക്ഷത്തിന് നേരെയുള്ള വേട്ടയാടല്‍ തുടരുകയാണെന്നും ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തെയും കേന്ദ്രത്തിത്തെയും ഭിന്നിപ്പിക്കുന്ന ഇടനിലക്കാരാനായി മാറിയെന്നും ഭരണഘടന വിരുദ്ധമായ ഇടപെടലാണ് ഗവര്‍ണര്‍മാര്‍ സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷം കത്തില്‍ വ്യക്തമാക്കിയിരുന്നു.