ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റി മുഖേനയോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലോ അന്വേഷണം നടത്തണമെന്ന് പാർലമെന്‍റിലെ പ്രതിപക്ഷ അംഗങ്ങൾ. ഈ വിഷയം ഉന്നയിച്ചുകൊണ്ടുള്ള ബഹളത്തെ തുടർന്ന് പാർലമെന്‍റ് പിരിഞ്ഞതിന് ശേഷമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർലമെന്‍റ് അംഗങ്ങൾ ആവശ്യങ്ങൾ ഉന്നയിച്ചത്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിൽ പാർലമെന്‍റിന്‍റെ റൂൾ 267 പ്രകാരം അഡ്‌ജൺമെന്‍റ് നോട്ടീസ് സമർപ്പിച്ചു.
വിപണി മൂല്യം നഷ്‌ടപ്പെടുന്ന കമ്പനികളിൽ എൽഐസി, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം നടത്തുന്നതും കോടികളുടെ സമ്പാദ്യത്തെ അപകടത്തിലാക്കുന്നതുമായ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ഹിൻഡൻബർഗ് റിസർച്ച് സ്ഥാപനത്തിന്‍റെ ആരോപണത്തെത്തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കുറയുന്നത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനാൽ ലോക്‌സഭയും രാജ്യസഭയും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നടപടികൾ നിർത്തിവച്ചു.
ലോക്‌സഭയിൽ ചോദ്യോത്തര വേള തടസപ്പെടുത്തി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ലഭിച്ച നോട്ടീസുകളൊന്നും റൂൾ 267 പ്രകാരമുള്ള ആവശ്യകതകൾ നിറവേറ്റുന്നില്ലെന്നും അതിനാൽ അവ നിരസിക്കപ്പെട്ടുവെന്നും രാജ്യസഭയിൽ ചെയർമാൻ ജഗ്‌ദീപ് ധൻകർ പറഞ്ഞു. പിന്നാലെ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് സഭ 2 മണി വരെ നിർത്തിവയ്ക്കുകയായിരുന്നു.