ഡാർജിലിങ്: റിക്രൂട്ട്മെന്‍റ് പ്രക്രിയകളിൽ പുനഃക്രമീകരണവുമായി ഇന്ത്യൻ ആർമി. ഉദ്യോഗാർഥികൾ ഇനി മുതൽ പൊതു പ്രവേശന പരീക്ഷയ്ക്ക് വിധേയരാകുമെന്നതാണ് പുതിയ മാറ്റം. കമ്പ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ പരീക്ഷയായിരിക്കും (computer-based online exam) നടക്കുക. ഓൺലൈൻ പരീക്ഷയ്‌ക്ക് ശേഷമായിരിക്കും ശാരീരികക്ഷമത പരിശോധന നടത്തുന്നത്.
ഇന്ത്യൻ ആർമിയുടെ നോർത്ത് ബംഗാൾ ആസ്ഥാനത്തുള്ള സേവക് മിലിട്ടറി സ്റ്റേഷനിൽ ശനിയാഴ്‌ച നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ആർമി ഡയറക്‌ടർ ജനറൽ (റിക്രൂട്ട്‌മെന്‍റ്) കേണൽ കെ സന്ദീപ് കുമാർ പുതിയ മാറ്റത്തെക്കുറിച്ച് വിശദീകരിച്ചു. നേരത്തെ റിക്രൂട്ട്മെന്‍റ് സമയത്ത് ആദ്യം ഫിസിക്കൽ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളു. ഇനി മുതൽ ഫിസിക്കൽ ടെസ്റ്റിന് മുൻപ് പൊതുപ്രവേശന പരീക്ഷ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 16 ന് ഇന്ത്യൻ ആർമി പരിഷ്‌കരിച്ച റിക്രൂട്ട്‌മെന്‍റ് പ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പൊതുപ്രവേശന പരീക്ഷയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഫിസിക്കൽ ടെസ്റ്റിനായി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെയാണ് രജിസ്ട്രേഷൻ കാലയളവ്.
ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ പൊതുപ്രവേശന പരീക്ഷ 2023 ഏപ്രിൽ 17 മുതൽ 30 വരെ രാജ്യത്തുടനീളമുള്ള 175 മുതൽ 180 കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾക്ക് അഞ്ച് പരീക്ഷ ലൊക്കേഷനുകൾ തിരഞ്ഞെടുക്കാനുള്ള ചോയ്‌സുകൾ ഉണ്ട്. ആ ചോയ്‌സുകളിൽ നിന്ന് അവർക്ക് പരീക്ഷ ലൊക്കേഷനുകൾ അനുവദിക്കും.
ഓൺലൈൻ പരീക്ഷ ഫീസ് ഒരു ഉദ്യോഗാർഥിക്ക് 500/- രൂപയാണ്. ചെലവിന്‍റെ 50% സൈന്യമാണ് വഹിക്കുന്നത്. അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥികൾ 250 രൂപ അടയ്ക്കണം.
മൂന്ന് ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്‍റ്: ഒന്നാം ഘട്ടത്തിൽ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്‌ത് അപേക്ഷിച്ച എല്ലാ ഉദ്യോഗാർഥികളും കമ്പ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ പരീക്ഷയ്ക്ക് വിധേയരാകും. രണ്ടാം ഘട്ടത്തിൽ, ഷോർട്ട് ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർഥികളെ ബന്ധപ്പെട്ട ആർമി റിക്രൂട്ട്‌മെന്‍റ് ഓഫിസ് (എആർഒ) തീരുമാനിക്കുന്ന സ്ഥലത്ത് റിക്രൂട്ട്‌മെന്‍റ് റാലിക്ക് വിളിക്കും. അവിടെ അവർ ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനും ഫിസിക്കൽ മെഷർമെന്‍റ് ടെസ്റ്റിനും വിധേയരാക്കും. അവസാനമായി, മൂന്നാം ഘട്ടത്തിൽ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ മെഡിക്കൽ ടെസ്റ്റിന് വിധേയരാകും.
സാധാരണ റിക്രൂട്ട്മെന്‍റ് സമയത്ത് നിരവധിയാളുകളാണ് എത്താറുള്ളത്. ഇത് പലപ്പോഴും പ്രതിസന്ധി സൃഷ്‌ടിക്കാറുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഇത്തരം മാറ്റങ്ങൾ റിക്രൂട്ട്മെന്‍റ് പ്രക്രിയ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
അഗ്നിവീർ തെരഞ്ഞെടുപ്പിലും മാറ്റം: അഗ്നിവീറിനുള്ള നടപടി ക്രമങ്ങളിലും ഇന്ത്യൻ ആർമി പരിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്‍റ് റാലിക്ക് മുമ്പ് കമ്പ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷ (സിഇഇ) നടത്തുമെന്നതാണ് മാറ്റം. തുടർന്ന്, ശാരീരിക ക്ഷമത, മെഡിക്കൽ ടെസ്റ്റുകൾ എന്നിവ നടത്തും. നടപടിയിലെ മാറ്റം സംബന്ധിച്ച് സൈന്യം വിവിധ മാധ്യമങ്ങളിൽ പരസ്യം നൽകി.
ഓൺലൈൻ പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രമേ ഫിസിക്കൽ ടെസ്റ്റിന് വിളിക്കൂ. ഫിസിക്കൽ ടെസ്റ്റിന് യോഗ്യത നേടിയ ശേഷം അവരെ മെഡിക്കൽ ടെസ്റ്റിന് വിളിക്കും. മുഴുവൻ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയും കാര്യക്ഷമമാക്കാനാണ് നീക്കം.
അതിനിടെ, യുവാക്കളെയും യുവതികളെയും സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായി വിവിധ സ്‌കൂളുകളിലും കോളജുകളിലും സൈന്യം പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹെൽപ്പ് ഡെസ്‌ക് നമ്പറും ആരംഭിച്ചു.