ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന ജംഇയ്യത്തുൽ കൺവെൻഷനിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ വിമർശിച്ച് ജമിയത്ത്-ഉമേല-ഐ-ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന അർഷാദ് മദനി. ഇന്ത്യയിലെ എല്ലാ മുസ്‌ലിങ്ങളും ഹിന്ദുക്കളാണെന്ന മോഹൻ ഭാഗവതിന്‍റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ച ആദ്ദേഹം അള്ളായും ഓമും ഒന്നാണ് എന്നും അഭിപ്രായപ്പെട്ടു. അതേസമയം മദനിയുടെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ച് വേദിയിലുണ്ടായിരുന്ന ജൈന ഗുരു ലോകേഷ് മുനിയുൾപ്പെടെയുള്ളവർ വേദി വിട്ടുപേയി.
കഴിഞ്ഞ ദിവസം ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് മേധാവി മൗലാന മഹ്മൂദ് മദനിയും മോഹൻ ഭാഗവതിന്‍റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പുരാതനമായ മതം മുസ്‌ലിം മതമാണെന്നും ഈ രാജ്യത്ത് ആദ്യം ജനിച്ചത് മുസ്‌ലിങ്ങളായിരുന്നു എന്നുമായിരുന്നു മഹ്മൂദ് മദനിയുടെ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെയും പോലെ ഈ രാജ്യം തന്നെ പോലുള്ളവരുടേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഈ ഭൂമി മുസ്‌ലിങ്ങളുടെ ആദ്യ ജന്മഭൂമിയാണ്. ഇസ്‌ലാം പുറത്ത് നിന്ന് വന്ന മതമാണെന്ന് പറയുന്നത് തീർത്തും തെറ്റായ കാര്യമാണ്. ഇസ്‌ലാമിന്‍റെ ആദ്യ പ്രവാചകൻ ആദം ഇവിടെ നിന്നാണ് വന്നത്. ഈ രാജ്യം നരേന്ദ്രമോദിയുടെയും മോഹൻ ഭാഗവതിന്‍റെയും സ്വന്തമെന്ന പോലെ, മഹമൂദിന്‍റെയും സ്വന്തമാണ്. മഹ്മൂദ് അവരെക്കാൾ ഒരിഞ്ച് മുന്നിലോ പിന്നിലോ അല്ല. ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണ്', മഹ്മൂദ് മദനി പറഞ്ഞു.