അല്‍വാര്‍ (രാജസ്ഥാന്‍): തന്‍റെ മരണ സമയം ദൈവം അറിയിച്ചുവെന്ന് പറഞ്ഞ് പൊലീസിനെയും ജില്ലാ ഭരണകൂടത്തേയും വലച്ച് വയോധിക. അല്‍വാറിലെ ഖേദ്‌ലി നഗരത്തില്‍ ഉറക്കകുറവുകൊണ്ട് ബുദ്ധിമുട്ടുന്ന 90 വയസ്സുള്ള വൃദ്ധയാണ് തന്‍റെ മരണ സമയം ദൈവം അറിയിച്ചുവെന്ന് വീട്ടുകാരെയും അയല്‍വാസികളെയും വിശ്വസിപ്പിച്ച് മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ഈ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് സ്ഥലം തഹസില്‍ദാര്‍ നേരിട്ടെത്തി വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൃദ്ധയെ ഉറക്കമില്ലായ്‌മയുടെ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. കഴിഞ്ഞദിവസമാണ് വൃദ്ധ താന്‍ ഞായറാഴ്‌ച (09.10.2022) ഉച്ചക്ക് 12 മണിക്ക് മരിക്കുമെന്ന് ദൈവം സ്വപ്‌നത്തിലൂടെ അറിയിച്ചതായി വ്യക്തമാക്കി രംഗത്തു വന്നത്. ഈ വിവരം വീട്ടുകാരെയും അയല്‍വാസികളെയും വിശ്വസിപ്പിച്ച് ഖേദ്‌ലി നഗരത്തിലെ സൗങ്കർ റോഡിലുള്ള വീടിന് പുറത്ത് ഇവര്‍ സമാധിക്കുള്ള ഒരുക്കങ്ങളും നടത്തി. മരണത്തെ വരവേറ്റ് സ്‌തുതി ഗീതങ്ങള്‍ പാടിയും ഒത്തുകൂടിയ പ്രദേശവാസികള്‍ക്ക് സാരിയും പണവുമെല്ലാം വീതിച്ചു നല്‍കിയും ഒരാളുടെ മരണശേഷം നടത്തേണ്ട ചടങ്ങുകളും ഇവര്‍ നടത്തി.
സംഭവം സമൂഹമാധ്യമങ്ങള്‍ മുഖേന അറിഞ്ഞെത്തിയ കത്തുമർ തഹസിൽദാർ ഗിർധർ സിംഗ് മീണ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിവര ശേഖരണത്തില്‍ തന്‍റെ പേര് ചിരോഞ്ജി ദേവ് എന്നാണെന്നും ഖേദ്‌ലിയിലെ പ്രകാശ് മാര്‍ഗിലാണ് താമസമെന്നും ഇവര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ഉറക്കമില്ലായ്‌മ അലട്ടുന്നുണ്ടെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി.
തുടര്‍ന്ന് വീട്ടുകാരെത്തി യാഥാര്‍ഥ്യം പറഞ്ഞുമനസിലാക്കി ഇവരെ തിരിച്ചുകൊണ്ടുപോയെങ്കിലും ഇവര്‍ താന്‍ മരണത്തെ സ്വാഗതം ചെയ്യുകയാമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല എങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.