കോരാപുട്ട് (ഒഡീഷ): വൃദ്ധനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു കൊന്നു. കോരാപുട്ട് ജില്ലയിലെ ലക്ഷ്‌മിപൂർ ബ്ലോക്കിന് കീഴിലുള്ള ഉപരാകുറ്റിംഗ ഗ്രാമത്തിലാണ് വൃദ്ധനെ വീട്ടുകാർ മർദിച്ചു കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കുർഷ മണിയകയുടെ കൊലപാതകത്തിന് കാരണമായത്.
മകന്‍റെ വീട്ടിലെ തീ പിടിക്കാത്ത ആസ്‌ബറ്റോസ് ഷീറ്റ് പൊട്ടിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്‌ച (05.08.2022) മണിയകയും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ മണിയകയുടെ സഹോദരനും, മകന്‍റെ ഭാര്യയും ചേര്‍ന്ന് ഇയാളെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
മര്‍ദനം തീവ്രമായതോടെ മണിയകക്ക് സാരമായ പരിക്കേല്‍ക്കുകയും ഇയാള്‍ സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍, വയോധികനെ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതെത്തുടര്‍ന്ന് ലക്ഷ്‌മിപൂർ പൊലീസ് നടത്തിയ റെയ്‌ഡില്‍ മൂന്ന് പ്രതികളിൽ ഒരാളെ പിടികൂടി. പ്രതികളില്‍ രണ്ട് പേര്‍ ഒളിവിലാണ്.