ജംഷഡ്‌പൂർ: ഒഡിഷ സ്വദേശിയായ യുവാവിനെ ജാർഖണ്ഡിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു. ഒഡിഷ റായ്‌രംഗ്‌പൂർ സ്വദേശിയായ വിക്കി എന്ന ദമ്രുധർ മഹന്തിയാണ് കൊല്ലപ്പെട്ടത്. കേസിൽ ജംഷഡ്‌പൂർ സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സോനാരി സ്വദേശികളായ കമലാകാന്ത് സാഗർ, ഭാര്യ ഖുശ്‌ബു സാഗർ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ചോദ്യം ചെയ്യലിൽ ഇതുവരും കൊലപാതക കുറ്റം സമ്മതിച്ചു. ഏപ്രിൽ 13 നാണ് വിക്കിയെ കാണാതായത്. ഇതേ തുടർന്ന് വിക്കിയുടെ ഭാര്യ ഇനുശ്രീ മഹന്തി റായ്‌രംഗ്‌പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒഡീഷയിലെ റായ്‌രംഗ്‌പൂർ ഡിഎസ്‌പി സ്വർണലത മിഞ്ചിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. സോനാരി സ്വദേശിയായ ഖുശ്‌ബു സാഗറുമായി വിക്കി അടുത്ത ബന്ധത്തിലായിരുന്നെന്നും അവരെ കാണാൻ വിക്കി അവരുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ചത്.
also read: ഹൈദരാബാദില്‍ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു; നരബലിയെന്ന് സംശയം
ശരീര ഭാഗങ്ങൾ കണ്ടെടുത്തു: പിന്നീട് ജംഷഡ്‌പൂരിലെ സോനാരി പൊലീസിന്‍റെ സഹായത്തോടെ ഇരുവരെയും ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വിക്കിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി മൂന്ന് വ്യത്യസ്‌ത ബാഗുകളിൽ നിറച്ച് ജംഷഡ്‌പൂരിലെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. കമാൽപൂർ - ബോദം പൊലീസ് സ്റ്റേഷനുകൾക്കിടയിലുള്ള ജംബാനി, ടാറ്റാ റാഞ്ചി പ്രദേശങ്ങളിൽ നിന്ന് പൊലീസ് രണ്ട് ബാഗുകൾ കണ്ടെടുത്തു.
വിക്കിയുടെ തലയും ദേഹവും കാലുകളുമാണ് കണ്ടെടുത്ത ബാഗുകളിലുണ്ടായിരുന്നത്. ഒഡീഷ ഫോറൻസിക് വിഭാഗം സംഘം ശരീരഭാഗങ്ങൾ പരിശോധിക്കും. കൊല്ലപ്പെട്ട വിക്കി ഓട്ടോ തൊഴിലാളിയാണ്. ദമ്പതികൾ ഇയാളെ കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
also read: സഹോദരനെ കൊന്ന് കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു; സഹോദരിയും കാമുകനും 8 വര്‍ഷത്തിന് ശേഷം പിടിയില്‍
സഹോദരനെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി: ബെംഗളൂരുവിൽ സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച സഹോദരിയും കാമുകനും എട്ട് വർഷത്തിന് ശേഷം പിടിയിലായിരുന്നു. നിംഗരാജു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സഹോദരി ഭാഗ്യശ്രീ, സുപുത്ര തൽവാർ എന്നിവരാണ് കഴിഞ്ഞ മാസം പിടിയിലായത്. ഭാര്യയെ ഉപേക്ഷിച്ച് ഭാഗ്യശ്രീയുമായി സുപുത്ര തൽവാർ അടുപ്പത്തിലായത് നിംഗരാജു എതിർത്തിരുന്നു.
ഇതേതുടർന്ന് ഇരുവരും ചേർന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. 2015 ലാണ് ഈ ദാരുണമായ കൊലപാതകം നടന്നത്. 2015 ഓഗസ്‌റ്റിൽ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ പ്ലാസ്‌റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു. സ്വന്തം പേര് പോലും മാറ്റി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മഹാരാഷ്‌ട്രയിൽ വച്ചാണ് പൊലീസ് പിടികൂടിയത്.