ഭുവനേശ്വർ(ഒഡിഷ) : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊണ്ട സാഹചര്യത്തിൽ ഒഡിഷ, ബംഗാൾ തീരത്ത് മഴ കനക്കും. ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറി ബംഗാൾ തീരത്തേക്ക് നീങ്ങുമെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പ് അറിയിച്ചു. ഒഡിഷ, ബംഗാൾ തീരങ്ങളിൽ അതീവ ജാഗ്രതാനിർദേശം നൽകി.
വടക്കൻ ആൻഡമാൻ കടലിന് മുകളിലാണ് ന്യൂനമർദം ഇപ്പോൾ നിൽക്കുന്നത്. ഇത് രണ്ട് ദിവസത്തിനുള്ളിൽ ശക്‌തിയാർജിച്ച് പശ്ചിമ ബംഗാളിന്‍റെ വടക്ക്-കിഴക്ക് ദിശയിൽ നീങ്ങും. പശ്ചിമ ബംഗാളിൽ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദ്രുതകർമസേനയടക്കം തയ്യാറാണെന്ന് ഒഡിഷ റവന്യൂ - ദുരന്തനിവാരണ വകുപ്പ് മന്ത്രി പ്രമീള മല്ലിക് പറഞ്ഞു.