ഭുവനേശ്വർ: അടിയന്തര സാഹചര്യത്തിൽ ഒഡിഷയില്‍ എത്തുന്നവർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്തുന്നവരെയും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള 14 ദിന ക്വാറന്‍റൈനിൽ നിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ. അതേ സമയം ബംഗാളിൽ നിന്ന് എത്തുന്നവർ കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ബംഗാളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവർ നിർബന്ധമായും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലോ പെയ്‌ഡ് ക്വാറന്‍റൈനിലോ കഴിയണമെന്ന് ഏപ്രിൽ 22നാണ് സർക്കാർ ഉത്തരവിറക്കിയത്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ 48 മണിക്കൂറിനുള്ളിൽ വരുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞാൽ മതിയാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ കൊവിഡ് പ്രോട്ടോക്കോൾ ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 346786 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമവും, കൊവിഡ് വാക്‌സിന്‍റെ വാക്‌സിൻ ക്ഷാമവും സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.