ഭുവനേശ്വർ: വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് സർക്കാർ ഉദ്യോഗാർഥികളിൽ നിന്ന് ആറ് കോടിയിലധികം രൂപ കബളിപ്പിച്ച അന്തർ സംസ്ഥാന തൊഴിൽ റാക്കറ്റിന്‍റെ മുഖ്യ സൂത്രധാരനെ ബിഹാറിൽ നിന്ന് ഒഡീഷ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്‌തു. ഇയാളെ സബ്-ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസ്‌ഡിജെഎം) കോടതിയിൽ ഹാജരാക്കുന്നതിനായി ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ഹതുവ പ്രദേശത്ത് നിന്ന് ട്രാൻസിറ്റ് റിമാൻഡിൽ ഭുവനേശ്വരിലേക്ക് കൊണ്ടുവന്നു എന്ന് ഇഒഡബ്ല്യു.
സർക്കാർ വെബ്‌സൈറ്റിന്‍റേതിന് സമാനമായി തൊഴിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചാണ് പ്രതികൾ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരുന്നത്. റാക്കറ്റിന്‍റെ മുഖ്യ സൂത്രധാരനായ ബിഹാർ സ്വദേശി ധരംപാൽ സിംഗ് എന്നയാളാണ് അറസ്‌റ്റിലായതെന്നും, ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിൽ തട്ടിപ്പ് റാക്കറ്റിന് ഇതോടെ അന്ത്യം വരുമെന്നും ഒഡീഷ പൊലീസ് പറയുന്നു. ബിഹാർ. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കേരളം, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ തട്ടിപ്പ് സംഘത്തിന് ഓഫിസുകളുണ്ടെന്നും ഇഒഡബ്ല്യു പ്രസ്‌താവനയിൽ പറയുന്നു.
ഇവരുടെ വെബ്സൈറ്റിൽ ബ്ലോക്ക് കോർഡിനേറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ബ്ലോക്ക് സർവേയർ തുടങ്ങിയ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 2020 മുതൽ അപേക്ഷാ ഫീസ് ഉൾപ്പെടെ നൽകി നിരവധി ആളുകളാണ് അപേക്ഷിച്ചിരുന്നത്. എൻറോൾ ചെയ്‌ത അപേക്ഷകരെ ഓൺലൈൻ പരീക്ഷ എഴുതിക്കുകയും ചെയ്‌തിരുന്നു. ഉദ്യോഗാർഥികളിൽ നിന്ന് ശേഖരിച്ച തുക ഫെബ്രുവരി 15 ന് അറസ്റ്റിലായ പ്രതി ധരംപാൽ സിംഗ് നിയന്ത്രിക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയിരുന്നത്