ഭുവനേശ്വര്‍ : വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുരി ജില്ലയില്‍ ബീച്ച് ഹട്ടുകള്‍ ആരംഭിക്കാനുള്ള പദ്ധതി റദ്ദാക്കി ഒഡിഷ സര്‍ക്കാര്‍. ജഗന്നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരിയില്‍ ബീച്ച് ഷാക്കുകള്‍ നിര്‍മിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
ടൂറിസം വകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, പദ്ധതി ഉപേക്ഷിക്കുകയാണെന്ന് പുരി ജില്ല കലക്‌ടര്‍ സമര്‍ഥ് വര്‍മ അറിയിച്ചു. പുരി രാജ്യത്തിന്‍റെ പൈതൃക നഗരമാണ്. അതിന്‍റെ ആത്മീയതയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പുരിയില്‍ ബീച്ച് ഹട്ടുകള്‍ തുടങ്ങുന്നതിനെതിരെ ഗോവര്‍ധന പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
Also read: പാർലമെന്‍റിലെ പെഗാസസ് പ്രതിഷേധം; നഷ്ടം 133 കോടി
ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബീച്ച് ഷാക്കുകള്‍ തുടങ്ങി അതുവഴി മദ്യത്തിന്‍റെ വില്‍പ്പന നടത്തുന്നത് പുരിയുടെ ആത്മീയതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
സംസ്ഥാനത്തെ ആറ് ബീച്ചുകളില്‍ ഹട്ടുകള്‍ തുടങ്ങുന്നതിന് ഒഡിഷ ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ (ഒടിഡിസി) ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
ബാലസോര്‍ ജില്ലയിലെ തല്‍സാരി-ഉദയ്‌പുര്‍ ബീച്ചില്‍ മൂന്നും ചാന്ദിപൂരില്‍ രണ്ടും ജഗഥ്സിങ്പുര്‍ ജില്ലയിലെ പരദീപ് ബീച്ചില്‍ മൂന്നും പുരി കൊണാര്‍ക്ക് മറൈന്‍ ഡ്രൈവില്‍ അഞ്ചും ഗഞ്ചാം ജില്ലയിലെ ഗോപാര്‍പുര്‍ ബീച്ചില്‍ ആറും പതി സോനാപുരില്‍ രണ്ടും ഷാക്കുകള്‍ തുടങ്ങാനായിരുന്നു പദ്ധതി.