പനാജി: 2020ൽ അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസിൽ മോഡലും നടിയുമായ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവ് സാം ബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അശ്ലീലം, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകളിൽ കഴിഞ്ഞ ആഴ്‌ചയാണ് കനാക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
2020 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. പൂനം പാണ്ഡെയും സാം ബോംബെയും ചേർന്ന് കാനക്കോണയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടിൽ വച്ച് അശ്ലീല വീഡിയോ ഷൂട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു. 39 സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസ് വിചാരണ വേളയിൽ ഇവരെ കോടതി വിസ്‌തരിക്കുമെന്നും കാനക്കോണ പൊലീസ് ഇൻസ്പെക്‌ടർ പ്രവീൺ ഗവാസ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 447 (ക്രിമിനൽ അതിക്രമം), 292, 293 (അശ്ലീലം), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള അശ്ലീലമായ പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീർത്തിപ്പെടുത്തൽ (നിരോധനം) നിയമം, 1986, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പാണ്ഡെയ്ക്കും ബോംബെയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.