മുംബൈ : നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (Nationalist Congress Party) പിളർന്നിട്ടില്ലെന്ന് ആവർത്തിച്ച് ശരദ് പവാർ (No Split in NCP Says Sharad Pawar). അജിത് പവാർ ഉൾപ്പടെയുള്ള ചില നേതാക്കൾ വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. 'എൻസിപി പിളർന്നിട്ടില്ല, എങ്ങനെയാണ് ഒരു പാർട്ടി പിളരുന്നത് ? ദേശീയ തലത്തിൽ വലിയൊരു സംഘം പ്രവർത്തകർ പാർട്ടിയിൽ നിന്ന് വേർപെടുമ്പോൾ മാത്രമാണ് അത് സംഭവിക്കുന്നത്. എന്നാൽ എൻസിപിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല'- മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രികൂടിയായ പവാർ മാധ്യമങ്ങളോട് പറഞ്ഞു.
ചില നേതാക്കൾ വ്യത്യസ്‌ത നിലപാട് സ്വീകരിച്ചതിനെ പിളർപ്പായി കണക്കാക്കാനാകില്ല. ജനാധിപത്യപരമായി അവർക്ക് അത് ചെയ്യാമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ മകളും ബാരാമതി മണ്ഡലത്തിലെ എംപിയുമായ സുപ്രിയ സുലെയും എൻസിപിയിൽ പിളർപ്പില്ലെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു.
Also Read : NCP Split | എൻസിപി പിളർപ്പ് വേദനാജനകം, പാർട്ടിയെ പുനർനിർമിക്കും; സുപ്രിയ സുലെ
ചേരിതിരിഞ്ഞ് പോരാട്ടം : ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് മഹാരാഷ്‌ട്രയിലെ ഏകനാഥ് ഷിൻഡെയുടെ (Eknath Shinde) നേതൃത്വത്തിലുള്ള ശിവസേന ബിജെപി സർക്കാരിൽ അജിത് പവാറും ഒൻപത് എംഎൽഎമാരും ചേർന്നത്. തുടർന്ന് അന്ന് തന്നെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. കൂടാതെ മറുകണ്ടം ചാടിയ മറ്റ് എംഎൽഎമാരും മന്ത്രിസഭയുടെ ഭാഗമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, ഇരു പവാർ വിഭാഗങ്ങളും തമ്മിൽ എൻസിപി (NCP) നേതാവ് ആരാണെന്നതിന്‍റെ പേരിലും പാർട്ടി ചിഹ്നത്തിനും പേരിനുമായും വലിയ ഏറ്റുമുട്ടലാണ് നടന്നത്. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ അന്തരീക്ഷത്തിൽ വലിയ ഓളം ഉണ്ടാക്കിയ പവാർ ഏറ്റുമുട്ടലിന് ശേഷം കഴിഞ്ഞ ദിവസം ശരദ് പവാറുമായി നടത്തിയെന്ന് ആരോപിക്കുന്ന രഹസ്യ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വാർത്തകൾ അജിത് പവാർ തള്ളിയിരുന്നു. ശരദ് പവാറുമായി യാതൊരു രഹസ്യ കൂടിക്കാഴ്‌ചയും നടന്നിട്ടില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പവാർ വിശദീകരിച്ചു.
എല്ലാ കൂടിക്കാഴ്‌ചയും രാഷ്‌ട്രീയമല്ല : അതേസമയം, ശരദ് പവാർ തന്‍റെ കുടുംബത്തിലെ മുതിർന്ന അംഗമാണെന്നും അദ്ദേഹവുമായുള്ള എല്ലാ കൂടിക്കാഴ്‌ചകൾക്കും രാഷ്‌ട്രീയ നിറം നൽകേണ്ടതില്ലെന്നും അജിത് വ്യക്തമാക്കിയിരുന്നു. രഹസ്യ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വാർത്തകളിൽ ശരദ് പവാറും പ്രതികരിച്ചിരുന്നു. തന്‍റെ അനന്തരവനെ കണ്ടാൽ തന്നെ അതിൽ എന്താണ് തെറ്റെന്നായിരുന്നു കിംവദന്തികൾ എന്ന് വിശേഷിപ്പിച്ച വാർത്തകൾക്കുള്ള ശരദിന്‍റെ മറുപടി.